Monday, November 8, 2010

രണ്ടു ശശിമാര്‍....

ഈ കഥയിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ യാതൊരു ബന്ധവുമില്ല എന്ന് പറഞ്ഞാല്‍ ഇവരെന്താ ആകാശത്ത് നിന്ന് പൊട്ടിമുളച്ചു വന്നതാണോ..? അല്ല.. പിന്നെ എന്താണ് പറയാന്‍ ഉദ്ദേശിച്ചതെന്നു വച്ചാല്‍ ഈ കഥാപാത്രങ്ങള്‍ക്ക് നിങ്ങളുടെ ജീവിതത്തിലെ ആരെങ്കിലുമായി സാമ്യം തോന്നുകയാണെങ്കില്‍, എന്നാണു.. ഇനി അഥവാ അങ്ങനെ തോന്നിയാല്‍ അത് തികച്ചും യാദ്രിശ്ചികമൊന്നുമല്ല.. അത് ഈ കഥാപാത്രങ്ങളുടെ കയ്യിലിരിപ്പുകൊണ്ടാണ്.. എന്ന് കരുതി ഇവര്‍ അത്ര പ്രശ്നക്കാര്‍ ഒന്നുമല്ല കേട്ടോ.. എങ്കിലും ഇന്നത്തെ കുമാരന്മാരിലുള്ള സദ്‌ഗുണങ്ങള്‍ ഒക്കെ ഉള്ള നല്ല രണ്ടു ചെറുപ്പക്കാര്‍ ആണിവര്‍.. 

തല്ക്കാലം ഇവരെ "ഇക്ക" എന്നും "അച്ചായന്‍" എന്നും വിളിക്കാം.. മതബോധത്തെ ഉദ്ബോധിപ്പിക്കാനോ ഉദ്ദീവിപ്പിക്കാനോ ഒന്നുമല്ല കേട്ടോ.. ഇരുവരെയും തിരിച്ചറിയാതെ തിരിച്ചറിയാന്‍ പറ്റിയ മാര്‍ഗ്ഗം ഇതാണ്.. എന്റെ തിരിച്ചറിവ് ഇരുവര്‍ക്കും കൂടി ഇല്ലാതാക്കാന്‍ ഇത് തന്നെ ധാരാളം..

ഇനി നമുക്ക് കാര്യത്തിലേക്ക് കടക്കാം.. അല്ല, കഥയിലേക്ക്‌ കടക്കാം.. കഥ നടക്കുന്നത് മാമലകള്‍ക്കപ്പുറത്ത് മരതകപ്പട്ടുടുത്ത്‌ നില്‍ക്കുന്ന മലയാളം എന്ന നാട്ടിലല്ല..  അങ്ങകലെ പറയാന്‍ പ്രിത്യേകിച്ചു നല്ല ഗുണങ്ങള്‍ ഒന്നുമില്ലാത്ത മറ്റൊരു നാട്ടില്‍ ആണ്.. ഭാരതത്തിന്റെ വിദ്യാഭ്യാസ നഗരം എന്നറിയപ്പെടുന്ന ഈ നാട്ടില്‍ ഭൂരിപക്ഷം പേര്‍ക്കും മറാത്തിയല്ലാതെ ഇംഗ്ലീഷ്, അല്ല, ഹിന്ദി പോലും അറിയില്ല എന്നതാണ് സത്യം.. എങ്കിലും പലപ്പോഴും നമുക്ക് ഇത് "വിദ്യ" ഇല്ലാത്ത "വിദ്യാഭ്യാസ" നഗരം ആണെന്ന് തോന്നും.. അഭ്യാസങ്ങളും ആഭാസങ്ങളും..!! 

ഇങ്ങനെയുള്ള ഈ നാട്ടിലെ നഗരത്തില്‍ ഷോപ്പിങ്ങിനു ഇറങ്ങിയതാണ് നമ്മുടെ ഇക്കയും അച്ചായനും.. ഏതാനം ചില കമ്പനികള്‍ മാത്രം, അതും വെറും പരീക്ഷണാടിസ്ഥാനത്തില്‍ മാത്രം, പുറത്തിറക്കിയിട്ടുള്ള സൈസ് ഡ്രസ്സ്‌ ആണിവരുടെ നോട്ടം.. അല്ല, അതെ പാകമാവുകയുള്ളൂ.. അതുകൊണ്ടാണ് കേട്ടോ.. സൈസ് കറക്ടാണോ എന്ന് ട്രൈ ചെയ്തു നോക്കാന്‍ പോലും പേടിയാണ് ഇവര്‍ക്ക്.. വലിച്ചു കേറ്റുമ്പോള്‍ കീറിപ്പോയാലോ..??  എന്തായാലും ഇത്തവണ അങ്ങനെ അധികം ബുദ്ധിമുട്ടാതെ വേണ്ടതെല്ലാം കിട്ടി.. പിന്നെ പതിവ് പ്രധാന കാര്യം.. ഭക്ഷണം..! അങ്ങനെ രണ്ടാളും തപ്പി നടന്നു 'ബിസ്മില്ലാ' ഹോട്ടലില്‍ ചെന്ന് കയറി.. ബീഫിന്റെ കൊട്ടാരം..! രണ്ടു ബീഫ് ഫ്രയ്യില്‍ തുടങ്ങാമെന്ന് കരുതി ഓര്‍ഡര്‍ കൊടുത്തു.. സാധനം കിട്ടി കഴിച്ചു തുടങ്ങിയപ്പോള്‍ സംഗതി കലക്കി..! ബീഫിനു ഇത്രേം രുചിയോ..? ഒന്നുകില്‍ ഇത്ര നാള്‍ കഴിച്ചത് ബീഫ് അല്ല, അല്ലെങ്കില്‍ ഇത് ബീഫ് അല്ല.. ഏതാ ശെരിക്കും ബീഫ്..??

അച്ചായന്‍: "അളിയാ.. ഇത് കൊള്ളാല്ലോ.. ബീഫ് ഇങ്ങനേം ഉണ്ടോ?? ഇത് ബീഫ് തന്നെയാണോ..??"

ഇക്ക: "ബീഫ് തന്നെയാണോ അതോ പണ്ട് സിനിമയില്‍ കണ്ട പോലെ പട്ടി ഫ്രൈ ആണോടെ..???"

അപ്പൊ പുറത്തുന്നൊരു ശബ്ദം.. "പട്ടിയോന്നുമല്ല സാറേ, നല്ല ഒറിജിനല്‍ ബീഫ് തന്നെയാ.."

അപ്പോഴേ രണ്ടു പേരും ഒന്ന് ഞെട്ടി.. മലയാളം ആര്‍ക്കും അറിയില്ലല്ലോന്നു കരുതിയാ ധൈര്യമായി പറഞ്ഞെ.. ഇതിപ്പോ പണിയായോ.? ഏതോ മലയാളി വെയ്ടെര്‍ ആണെന്ന് തോന്നുന്നു, തല്ലു കിട്ടുമോ..? അല്ല.. പുറത്തു മുറുക്കാന്‍ കട നടത്തുന്ന ആള്‍ ആയിരുന്നു..! ഹോ.. ആശ്വാസമായി..!! ഭക്ഷണം കഴിഞ്ഞു ഒന്ന് വലിക്കാം എന്ന് കരുതി ആള്‍ടെ മുറുക്കാന്‍ കടയിലേക്ക് വച്ചുപിടിച്ചു.. 

അച്ചായന്‍: "മലയാളി ആണല്ലേ.?"

"ഞാന്‍ ആലപ്പുഴക്കാരനാ സാറേ.. വര്‍ഷങ്ങളായി ഇവിടെ തന്നെയാ.."

ഇക്ക: "ഞങ്ങള്‍ വിചാരിച്ചു ഹോട്ടലിലെ തന്നെ ആരോ ആണ് പറഞ്ഞതെന്ന്..തല്ലു കിട്ടുമോന്നു പേടിച്ചു.."

"അവര്‍ക്കാര്‍ക്കും മലയാളം അറിയില്ല.. പക്ഷെ അടിക്കു കുറവൊന്നുമില്ല.. ദിവസവും ഒരുത്തനെങ്കിലും ഇവിടുന്നു അടി മേടിച്ചു പോകാറുണ്ട്.."

അങ്ങനെ കഥകളൊക്കെ പറഞ്ഞു പറഞ്ഞു യാത്രയൊക്കെ അവര്‍ വീണ്ടും യാത്ര തുടര്‍ന്നു.. കുറെ കഴിഞ്ഞപ്പോഴാ ഓര്‍ത്തത്‌ വലിക്കാന്‍ ചെന്നിട്ടു കടക്കാരനെ ഇട്ടു വലിപ്പിച്ചതല്ലാതെ സിഗരട്ട് വലിച്ചില്ലല്ലോന്നു..   ഉടനെ വണ്ടി നിര്‍ത്തി.. അടുത്ത് കണ്ട കടയിലേക്ക് നടന്നു.. രണ്ടു കിങ്ങ്സ് വാങ്ങി.. ഇതിപ്പോ പൊല്ലാപ്പായല്ലോ.. കൈയ്യില്‍ എല്ലാം കൂടി പത്തിരുപതു കവറുകള്‍ ഉണ്ട്.. ഇതും പിടിച്ചോണ്ട് വലിക്കാനും വയ്യ, മഴ പെയ്തു ചെളി ആയതു കൊണ്ട് നിലതെങ്ങും വെയ്ക്കാനും വയ്യ.. എന്നാല്‍ അല്പം മാറി നില്‍ക്കാം എന്ന് കരുതി നമ്മുടെ ഇക്കയും അച്ചായനും കൂടി സഞ്ചികള്‍ എല്ലാം കൂടി എടുത്തു അടുത്തൊരു കടയുടെ വരാന്ദയില്‍ വച്ചു സിഗരട്ട് കത്തിച്ചു.. കഥയൊക്കെ പറഞ്ഞു പുക കഴിഞ്ഞു ലഗേജ് എടുക്കാന്‍ തിരിഞ്ഞ അച്ചായന്‍ അത് കണ്ടു ഞെട്ടി..!! 

"അളിയാ..!"

വിളി കേട്ട് നമ്മുടെ ഇക്കയും ഞെട്ടി.. രണ്ടു പേര്‍ക്ക് വീതം കയറാവുന്ന തങ്ങളുടെ ഡ്രസ്സ്‌ ഒക്കെ ഇനി ആരേലും അബദ്ധം പട്ടി എടുത്തോണ്ട് പോയോ?? അതോ ഇനി പണ്ട് സംഭവിച്ച പോലെ അബു ദാബി മുങ്ങി പോയോ..?? 

"എന്താടാ.."

അച്ചായന്‍: "അളിയാ, അത് കണ്ടോ.."

ഇക്ക: "എന്ത്..?"

അച്ചായന്‍: "നീ കടയുടെ അകത്തേക്ക് നോക്കിക്കേ.. അകത്തിരിക്കുന്ന സാധനം കണ്ടോ.."

ഇക്ക: "ആരാ ?? ആരാ ??"

അച്ചായന്‍: "ആരുമല്ല.. അതുകണ്ടോ.. പൈപ്പ്.. പണ്ട് സിനിമേല് ഉമ്മര്‍ വലിച്ചോണ്ട് നടന്ന സാധനം.. സിഗരറ്റിനു പകരം..!!"
ഇക്ക: "ആഹാ.. കൊള്ളാല്ലോ.."

അച്ചായന്‍: "വാ അളിയാ, നമുക്ക് ഒരെണ്ണം മേടിക്കാം.."

ഇക്ക: "അത് വേണോ..?"

അച്ചായന്‍: "നീ വാ.. ചുമ്മാ ജാടയല്ലേ.. നാട്ടില്‍ പോവുമ്പോ വലിച്ചോണ്ട് നടക്കുകേം ചെയ്യാം.."

ഇക്ക: "നാട്ടില്‍ വലിച്ചോണ്ട് നടന്നിട്ട് വീട്ടില്‍ കെട്ടാതെ വരുമ്പോള്‍ പെട്ടെന്ന് തിരിച്ചുവരാമല്ലോ അല്ലെ..?"

അച്ചായന്‍: "ഹ, ഇവിടെയനെലും വലിക്കാല്ലോ.. നമുക്ക് മേടിച്ചു വെക്കാം.. ചുമ്മാ ഒരു രസം.."

അങ്ങനെ ഇക്കയുടെ പാതി സമ്മതത്തോടെ രണ്ടുപേരും കൂടി കടയിലേക്ക് കയറി.. അറിയാവുന്ന ഹിന്ദിയില്‍ "ഭയ്യാ, വോ.. കിത്ന.. കൈസേ.." എന്നൊക്കെ ചോദിച്ചു.. കടക്കാരന്‍ ഒരെണ്ണം എടുത്തു കവര്‍ തുറന്നു കാണിച്ചു.. പുള്ളീടെ നീണ്ട ഹിന്ദി ഡയലോഗുകള്‍ കഴിഞ്ഞപ്പോള്‍ കുറെയൊക്കെ രണ്ടാള്‍ക്കും മനസ്സിലായി.. മുന്നൂറു രൂപയാണ് വില.. ഇത് രണ്ടായി തുറക്കാം.. എങ്ങനെ തുറക്കാംഎന്നായി പിന്നീട് പരീക്ഷണം.. കൈയ്യിലെ കവറുകളൊക്കെ കാരണം അച്ചായന് അതില്‍ അത്ര ശ്രദ്ധ കൊടുക്കാന്‍ കഴിഞ്ഞില്ല.. എങ്ങനാ തുറക്കുന്നതെന്ന് ചോദിക്കാമെന്നു കരുതിയപ്പോള്‍ കടക്കാരന്‍ ഉള്ളില്‍ എങ്ങോട്ടോ മാറി.. ഒടുവില്‍ ഇക്ക അത് കയ്യില്‍ വാങ്ങി.. തുറക്കാം എന്ന് പറഞ്ഞ ഭാഗത്ത്‌ ഒന്ന് തിരിച്ചു നോക്കി.. ഇല്ല.. നല്ല ബലം.. ഇത് തിരിച്ചാണ് തുറക്കുന്നത്..!! രണ്ടു അറ്റത്തും പിടിച്ചു ഒന്ന് തിരിച്ചു.. ഒരൊറ്റ തിരി..!! അല്ല.. ഒരു ഒന്നൊന്നര തിരി തന്നെ..!! രണ്ടു പീസും മാന്യമായി രണ്ടു കയ്യില്‍..!! അതിനിടെ വേറെ ചെറിയേ ഒരു പീസ് താഴേം..!!

രണ്ടു പേരും പരസ്പരം നോക്കി.. അതിനിടെ എവിടെനിന്നോ പ്രത്യക്ഷപ്പെട്ട കടക്കാരന്‍ തിരിഞ്ഞു നിന്ന് എന്തൊക്കെയോ അടുക്കി പെറുക്കുന്നു.. ലഗാന്‍ സിനിമയിലെ ക്രിക്കറ്റ്‌ കളിയുടെ ക്ലൈമാക്സിലെ ഒരു അവസ്ഥ.. അങ്ങോട്ടും ഇങ്ങോട്ടും ഒന്നും മിണ്ടാന്‍ പറ്റുന്നില്ല.. ടെന്‍ഷന്‍..!! എന്താ ചെയ്യണ്ടേ.. മുന്നൂറു രൂപ പോകുന്ന പോക്കെ.. 

ഇക്ക: "അളിയാ.. എന്ന ചെയ്യുന്നേ..?"

കൈ നിറയെ കവറുകളുമായി ബീഫുകള്‍ നിറഞ്ഞ വയറുമായി ശ്വാസം പോലും വിടാന്‍ പറ്റാതെ നില്‍ക്കുന്ന അച്ചായന്റെ മറുപടി: "നമുക്ക് ഓടാം..!!!!"

ഇക്ക: "ഫ..!! മണ്ടത്തരം പറയാതെ.. ബൈക്ക് ഇവിടിരിക്കുവല്ലേ.. അങ്ങനൊന്ന് അത് സ്റ്റാര്‍ട്ട്‌ ആവത്തില്ല.."

അച്ചായന്‍: "ഓഹോ.. നിനക്കപ്പോ തല്ലു കൊള്ളുന്നതില്‍ അല്ല, ബൈക്ക് എടുക്കാന്‍ പറ്റില്ല എന്നതിലാണ് വിഷമം.."

ഇക്ക: "ആഹാ.. എങ്കില്‍ നീ ഒന്ന് ഓടിക്കാണിച്ചേ.."

അച്ചായന്‍: "എന്നിട്ട് വേണം ഞാന്‍ പൊട്ടിച്ചിട്ട് ഓടി, ഞാനാ കള്ളന്‍ എന്ന് നിനക്ക് അവരോടെ പറയാന്‍ അല്ലെ..?"

 ഇക്ക: "എടാ കോപ്പേ, ഇത്രേം ലഗേജുമായി എങ്ങനാട ഓടുന്നെ..?"

അച്ചായന്‍: "നമുക്ക് ഇതൊക്കെ കളയാം, എന്നിട്ട ഓടാം.."

ഇക്ക: "ആഹാ.. നല്ല ബെസ്റ്റ് ഐഡിയ.. ആറായിരം രൂപേടെ സാധനം കളയുന്നതിലും ഭേദം ഇതിന്റെ മുന്നൂറു രൂപ കൊടുത്തിട്ട് മാന്യമായി പോകുന്നതല്ലേ മണ്ടാ.."

അച്ചായന്‍: "എന്നാല്‍ പിന്നെ ഇത് നേരത്തെ പൊട്ടി ഇരുന്നതാണെന്നു പറഞ്ഞാലോ..?"

ഇക്ക: "എന്നാല്‍ അങ്ങനെ പറയാം.."

ഇക്ക: "ഭയ്യാ, യെ...."

കടക്കാരന്‍: "മതി മതി.. നിങ്ങള്‍ടെ കയ്യിലിരുന്നു പൊട്ടിയത് ഞാന്‍ കണ്ടതാ.. താഴെ ഒരു പീസ് കിടപ്പുണ്ട്.. എടുത്തോ, ഒട്ടിച്ചു വെച്ച് തരാം..!!!"

ഇക്കയും അച്ചായനും വീണ്ടും ലഗാന്‍ സിനിമയിലേക്ക് പോയി..!! ഇപ്പോഴാണ് ശെരിക്കും ഞെട്ടിയത്..!! മലയാളം..!!!!!! 
"ചേട്ടന്‍ മലയാളി ആണോ..??" 

കടക്കാരന്‍: "എന്റെ വീട് കാസര്‍ഗോഡ്‌ ആണ്.. നിങ്ങള് പറഞ്ഞതൊക്കെ ഞാന്‍ കേട്ടു..!!"

അച്ചായന്‍: "അത്.. ചേട്ടാ.. ചേട്ടന്‍ മലയാളി ആണെന്നറിയാതെ ഞങ്ങള്‍.."

കടക്കാരന്‍: "പിന്നെ മലയാളി ആണെന്നരിഞ്ഞാല്‍ ഇങ്ങനൊക്കെ പറയുമോ..???"

ഇക്ക: "അല്ല ചേട്ടാ.. സോറി.. പെട്ടെന്ന് ആകെ പേടിച്ചു പോയി.."

കടക്കാരന്‍: "സാരമില്ല.. എന്നും ഏതേലും മലയാളികള്‍ ഇവിടെ വന്നിട്ട് ശശി ആയി പോകാറുണ്ട്..!!!"

അങ്ങനെ മലയാളി ചേട്ടന്‍ ഒട്ടിച്ചു വെച്ച് കൊടുത്ത പൈപ്പ് വാങ്ങി നമ്മുടെ ശശി ഇക്കയും ശശി അച്ചായനും യാത്ര തുടര്‍ന്നു..!!!

4 comments: