Tuesday, August 11, 2009

ഒരു സ്വപ്നം...


മഞ്ഞു പോല്‍.. മഴത്തുള്ളി പോല്‍..

കുളിര്
പോല്‍.. ഇളംകാറ്റ് പോല്‍..

എന്‍
ഹൃദയത്തിന്‍ ആദ്യ വസന്തം..

സൌഹൃദത്തിന്‍
അണയാ ദീപത്തില്‍ തിരി തെളിന്ജീടവേ...

ഒരു പനിനീര്‍ പൂപോല്‍ അതെന്‍ മനസ്സില്‍ വിടര്‍നീടവേ..

വസന്തം എന്റേത് മാത്രമായ്‌..

എന്‍ ഏകാന്ത ജീവനില്‍ പൂനിലാവായ്‌..

കണ്ണീര്‍
ഒപ്പും കരസ്പര്‍ശമായ്..

സ്നേഹമായ്‌
, ജീവന്റെ ജീവനായ്‌..

എന്നും
നിനക്കായ് കാത്തിരിക്കാം..

ഓര്‍മ്മകള്‍
തന്‍ സ്നേഹതീരത്ത് ഞാന്‍..

ഇനിയുള്ള നാളുകള്‍ കൈകോര്‍ത്തിടാന്‍..

ഇനിയുള്ള
ജീവിതം പങ്കുവെയ്ക്കാന്‍..

എന്റേതു
മാത്രമായ്‌, എന്‍ സ്വന്തമായ്‌..

അരികില്‍ വരില്ലേ എന്‍ ജീവനേ............

Monday, August 10, 2009

ഒരു ഉത്സവത്തിന്റെ ഓര്‍മ....
















"എന്റെ ഗണപതി ഭഗവാനെ...!!" ഭൂമിയില്‍ എത്തിയ ശേഷമാണ് ഇത്രയും നേരം എന്നെയും പുറത്തിരുത്തി മഹാദേവന്റെ തിടമ്പ്‌ എഴുന്നെള്ളിച്ച് നിന്ന ശങ്കരന്‍കുട്ടിയെ നേരെ ഒന്നു കാണുന്നത്..! ഒരു ഒന്‍പത്‌ - ഒന്‍പതര അടി ഉയരം, ഭൂമി മാന്തുന്ന ജേ സീ ബീ യുടെ കൈ പോലെ രണ്ടു നീളന്‍ കൊമ്പുകള്‍, അനാക്കൊണ്ട സിനിമയില്‍ കണ്ട പാമ്പിനെ പോലെ, നിലത്ത്‌ ഇഴയുന്ന തുമ്പിക്കൈ..!! ഇതിന്റെ പുറത്താണോ കഴിഞ്ഞ രണ്ടു മണിക്കൂര്‍ ഞാന്‍ കഴിച്ചുകൂട്ടിയത്..!! സുനില്‍ ഏട്ടന്റെയും കൂട്ടരുടെയും പഞ്ചാരി മേളം ആസ്വദിച്ചു ഇരുന്നതിനാല്‍ മറ്റൊന്നും ശ്രദ്ധിച്ചില്ല.. ഈ സീസണില്‍ ആദ്യമായി ആനപ്പുറത്ത് കയറുന്നതിനാല്‍ ധൈര്യം ഭൂമിയില്‍ വെച്ചിട്ട് പോകണ്ട എന്ന് കരുതി ആനയെ ശ്രെദ്ധിക്കാതെ ചെന്നു കയറി.. ഇറങ്ങി കഴിഞ്ഞു ആനയെ കണ്ടപ്പോള്‍ ധൈര്യം ആനപ്പുറത്ത് മറന്നു വച്ചോ എന്നൊരു സംശയം..!! ധൈര്യം എത്ര കുറവാണെങ്കിലും ആനപ്പുറത്ത് കയറാനുള്ള അവസരമൊന്നും കളയില്ലല്ലോ.. അതൊരു ആവേശം ആണേ..!!


രാത്രി കൃത്യം എട്ടു മണിക്ക് തന്നെ ശീവേലി ആരംഭിച്ചു.. അകത്തെ പ്രദക്ഷിണം കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ പാപ്പാന്‍ സോമന്‍ ചേട്ടന്‍ ശങ്കരന്‍കുട്ടിയെ നെറ്റിപ്പട്ടം കെട്ടിച്ചു ആനക്കൊട്ടിലില്‍ നിര്‍ത്തിയിരിക്കുന്നു.. ഇത്ര വലിയ സംഭവത്തിനെ 'ശങ്കരന്‍' എണ്ണ പേരിന്റെ കൂടെ 'കുട്ടി' എന്ന് കൂടി ചേര്‍ത്തത് എന്ത് ഓര്ത്തിട്ടാനാവോ..!! എന്തായാലും 'ശങ്കരന്‍ ചേട്ടന്‍' (!) എന്നൊന്നും ആനയെ വിളിക്കാന്‍ പറ്റില്ലാഞ്ഞിട്ടാവും..!

എന്തായാലും ശങ്കരന്‍കുട്ടി എന്നെ മറന്നില്ല.. ഞാന്‍ അടുത്ത് ചെന്നപ്പോഴേ അവന്‍ ശര്‍ക്കരയ്ക്ക് വേണ്ടി തുമ്പിക്കൈ നീട്ടി.. സോമന്‍ ചേട്ടന്‍ തോട്ടി കൊണ്ടു തൊട്ടപ്പോള്‍ തന്നെ അവന്‍ തുമ്പിക്കൈ മാറ്റി.. തോട്ടികൊണ്ടൊരു അടിയോളം വരില്ലല്ലോ ആനയ്ക്ക് ആര്‍ത്തി..!! ഞാന്‍ അടുത്ത് ചെന്നു ശര്‍ക്കര അവന്റെ വായില്‍ വെച്ചു കൊടുത്തു.. 'ആനവായില്‍ അമ്പഴഞ്ഞ' എന്ന് കേട്ടത് ഇപ്പൊ ബോധ്യമായി..!! സോമന്‍ ചേട്ടന്റെ നിര്‍ദേശം പോലെ അവന്‍ മുട്ടുമടക്കി.. തൊട്ടു തലയില്‍ വച്ചു, ചെവിയില്‍ പിടിച്ചു, കാലില്‍ ചവുട്ടി ഞാന്‍ അവന്റെ പുറത്തു കയറി.. ഉണ്ണിയേട്ടന്‍ തിടമ്പ്‌ എടുത്തു തന്നു.. മഹാദേവനെ ശങ്കരന്കുട്ടിയുടെ മസ്തകത്തില്‍ ഇരുത്തി തിടംബിലെ മാലകളും ഉടയാടയുമൊക്കെ ഞാന്‍ നേരെയാക്കി.. അങ്ങനെ ചെണ്ടയും, വീക്കനും, ഇലത്താളവുമായി ആദ്യ പ്രദക്ഷിണം വേഗം കഴിഞ്ഞു .. എഴുന്നെള്ളത്ത് നടക്കുന്നതിനാല്‍ അരങ്ങിലെ കച്ചേരിക്ക്‌ ഇടവേള ആയി.. ഏവരും ആനയ്ക്കും മേളക്കാര്‍ക്കും ചുറ്റും കൂടി..

രണ്ടാം പ്രദക്ഷിണം നാദസ്വരവും തകിലും കൂടിയാണ്.. നാദസ്വരം വായിക്കാന്‍ ഹരിയേട്ടനും, തകില് കൊട്ടാന്‍ ശ്രീനിയേട്ടനും ആണ്.. 'നഗുമോ' യും 'ഹിമഗിരിതനയെ' യും വായിച്ചു കഴിഞ്ഞു ആനക്കൊട്ടിലില്‍ നിന്നും പ്രദക്ഷിണം പുറത്തേയ്ക്കിറങ്ങി.. പ്രദക്ഷിണം തിരികെ ആനക്കൊട്ടിലില്‍ എത്തിയപ്പോള്‍ അകത്തൊരു ബഹളം.. കുറച്ചു പേര്‍ അകത്തേക്ക് ഓടുന്നു.. എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടായി.. എനിക്ക് മാത്രം എന്താ കാര്യം എന്നറിയാന്‍ യാതൊരു വഴിയുമില്ലല്ലോ.. ഇറങ്ങി പോകാനോ എളുപ്പത്തില്‍ ആരോടെങ്കിലും ചോദിക്കാനോ പറ്റില്ലല്ലോ..! അല്ലെങ്കില്‍ തന്നെ ഇത്ര വളരെ നേരം ആനപ്പുറത്ത് ഇരിക്കുന്നത് ഒരു തരത്തില്‍ നോക്കിയാല്‍ ഇത്തിരി കട്ടിയാണ്.. ചുറ്റും ആളുകള്‍.. ഭഗവാനെയും, ആനയെയും, എന്നെയും നോക്കിക്കൊണ്ട്‌.. പക്ഷെ സംസാരിക്കാന്‍ ആരുമില്ലല്ലോ.. ഒരു വല്ലാത്ത അവസ്ഥ തന്നെ..!

നാദസ്വരം വായന കഴിഞ്ഞു മേളത്തിനായി ചെണ്ടയും മറ്റുമായി മേളക്കാര്‍ വന്നുതുടങ്ങി.. പതിവുപോലെ രാജീവ്‌ തന്നെയാണ് മുന്നില്‍.. രാജിയോടു കാര്യം തിരക്കി.. ആള്‍ ഓടിവന്ന് മറുപടി തന്നു; 'ഒന്നുമില്ല കുഞ്ഞേ, ആല് വിളക്ക് കത്തിച്ചപ്പോ ആളിക്കത്തി.. കെടുത്തി..' എങ്ങനെ കത്താണ്ടിരിക്കും..? കട്ടിയുള്ള തിരിയും വെച്ചു കൂടെ കര്‍പ്പൂരവും വെയ്കും.. എന്നിട്ട് ഏറ്റവും അടിയില്‍ നിന്നു തുടങ്ങും കത്തിക്കാന്‍.. കര്‍പ്പൂരത്തില്‍ തീ പിടിക്കുമ്പോള്‍ അത് ആളി പിടിച്ച് മുകളില്‍ വരെ പെട്ടെന്ന് തീ പിടിക്കും.. എന്തായാലും ഒന്നും സംഭവിച്ചില്ലല്ലോ.. പക്ഷെ ചിലരുടെ മുഖത്ത്‌ ഇപ്പോഴും ചെറിയ ഭയം നിഴലിച്ചിട്ടുണ്ട്..

'കുഞ്ഞേ, ഇന്നു സ്പെഷ്യല്‍ ആണേ..' രാജി താഴെ നിന്നു വിളിച്ചു പറഞ്ഞു.. ശരിയാ, ഇംഗ്ലണ്ടില്‍ നിന്നു മടങ്ങി എത്തിയ സതീശന്‍ ഇന്നു വൈകിട്ട് സ്പെഷ്യല്‍ മേളം സ്പോണ്‍സര്‍ ചെയ്യുന്നു എന്ന് കേട്ടു.. മേളക്കാരുടെ എണ്ണം കൂടിയപ്പോള്‍ മേളം കൊഴുത്തു.. മേളം ഗംഭീരം ആവുന്നുണ്ടെങ്കിലും ശ്രീജിത്തിന്റെ അഭാവം അറിയാനുണ്ട്.. കണ്ടാല്‍ ഏതാണ്ടൊരു ശുപ്പാണ്ടി തന്നെ..പക്ഷെ ചെണ്ടപ്പുറത്ത് കോല്‍ വച്ചു തുടങ്ങിയാല്‍ പിന്നെ ആള്‍ വേറൊരു ലോകത്താണ്.. മേളവുമായി ഇതുപോലെ ലയിച്ചു ചേരുന്ന വേറെ ആരെയും ഞാന്‍ കണ്ടിട്ടില്ല.. അയാളുടെ വേഗത്തിനും താളത്തിനും ഒപ്പം എത്താന്‍ മറ്റുള്ളവര്‍ ബുദ്ധിമുട്ടും.. ഇന്നു ശ്രീജിത്ത്‌ ഇല്ല.. ഇവിടെ ഉത്സവം ഏറ്റുമാനൂര്‍ ഉത്സവത്തിന്റെ ഒപ്പം ആയതിനാല്‍ ഇന്നു അയാള്‍ അവിടെ പോയിരിക്കുകയാണ്.. പള്ളിവേട്ടയ്ക്കും ആറാട്ടിനും അവിടെ മട്ടന്നൂരിന്റെ മേളമാണ്.. പക്ഷെ ഇവിടുത്തെ കാര്യങ്ങള്‍ കൂടി നോക്കേണ്ടതിനാല്‍ അങ്ങോട്ട് പോകാനോ കേള്‍ക്കുവാണോ സാധിക്കില്ല.. എങ്കിലും മറ്റൊരു മഹാഭാഗ്യമുണ്ട്.. ഇവിടുത്തെ ആറാട്ട്‌ 'ആറാട്ട്‌ സംഗമം' എന്നാണു അറിയപ്പെടുക.. ഒരേ ദിവസം, ഒരേ സമയം, ഒരേ ആറിന്റെ അക്കരെ ഏറ്റുമാനൂര്‍ മഹാദേവനും ഇക്കരെ പെരിങ്ങള്ളൂര്‍ മഹാദേവനും കൂടിയാണ് ആറാട്ട്‌ നടക്കുക..! രണ്ടു ആറാട്ടിനും ഒന്നിച്ചു പങ്കെടുക്കാനുള്ള ആ ഭാഗ്യം ഇതു നാലാം തവണയാണ്..

ആനക്കൊട്ടിലിലെ മേളം കഴിഞ്ഞു അവസാനത്തെ പ്രദക്ഷിണം ആരംഭിച്ചു.. മുന്‍പില്‍ മേളക്കാരും, പിന്നാലെ തീവെട്ടിക്കാരും, കുത്തുവിളക്ക് പിടിച്ചു അപ്പു ചേട്ടനും നീങ്ങി തുടങ്ങി.. പിന്നാലെ ഞാനും ഭഗവാനും ശങ്കരന്കുട്ടിയുടെ പുറത്തും..! പ്രദക്ഷിണം പടിഞ്ഞാറ് ഭാഗത്ത് എത്തിക്കഴിഞ്ഞപ്പോ അപ്പു ചേട്ടന്‍ നടന്നു തുടങ്ങിയിട്ടും ആനയ്ക്കും പാപ്പാനും യാതൊരു അനക്കവുമില്ല..! അപ്പോഴാണ്‌ ശ്രദ്ധിച്ചത്, ഒരു കുടിയന്‍ ആടിയാടി മേളക്കാരുടെ അടുത്ത് ചെന്നു താളം പിടിക്കാന്‍ തുടങ്ങി..! അവര്‍ ഓടിച്ചപ്പോ ആനയുടെ അടുത്തായി അഭ്യാസം..! പാപ്പന്‍ ഭാരവാഹി ഒരാളെ വിളിച്ചു ബഹളം വെയ്ച്ചു.. " എനിക്ക് ചുമ്മാ ആനേടെ കൊമ്പില്‍ പിടിച്ചു നടന്നാല്‍ പോര, ആനയെ നോക്കണം, ആനപ്പുറത്ത് ഇരിക്കുന്നവരെ നോക്കണം, തിടമ്പ്‌ നോക്കണം, മുന്നിലെ കുത്തുവിളക്കും തീവെട്ടികളും നോക്കണം, മേളക്കാരെ നോക്കണം, അതിനിടെ പിള്ളേര്‍ ആനേടെ പുറകില്‍ ചെന്നു തോന്ന്യാസം കാണിക്കും.. ഇപ്പൊ ദേ ഇങ്ങനോരുത്തനും.. ഒടുക്കം വല്ലോം പറ്റിയാല്‍ എല്ലാരും കൂടി എന്നെ തന്നെ തല്ലും.. അതുകൊണ്ട് ആദ്യം ആ കുടിയനെ പറഞ്ഞു വിട്, അല്ലാതെ ആന ഒരടി പോലും മുന്നോട്ടു നീങ്ങില്ല..!' അയാള്‍ കുടിയനോട് ആദ്യം മയത്തില്‍ കാര്യം പറഞ്ഞു നോക്കി.. എവടെ...!! പിന്നെ നാലഞ്ചു പിള്ളേര്‍ ചെന്നു അവനെ പൊക്കി എടുത്തുകൊണ്ടു പോലീസ് യേമാന്മാര്‍ക്ക് കാഴ്ച വച്ചു..!!

അങ്ങനെ ശങ്കരന്കുട്ടിയുടെ യാത്ര വീണ്ടും ആരംഭിച്ചു.. എല്ലാവര്ക്കും ഈയൊരു സംഭവത്തോടെ പാപ്പാനോട് ഒരു മതിപ്പും ഉണ്ടായി.. എഴുന്നെള്ളത്ത് കഴിഞ്ഞു ഇറങ്ങിയപ്പോ മണി പത്തു കഴിഞ്ഞു .. അടുത്ത ദിവസത്തേക്കുള്ളതു എല്ലാം ഒരുക്കി വെയ്ച്ചു ഇല്ലത്തേക്ക് മടങ്ങാന്‍ വഴിയിലിറങ്ങി ഒന്നു മുറുക്കാന്‍ ഉണ്ണിയേട്ടന്റെ കൂടെ മുറുക്കാന്‍ കടയിലേക്ക് നടന്നു.. അപ്പൊ 'തിരുമേനീ' എന്നൊരു വിളി.. സോമന്‍ ചേട്ടന്‍ ആണ്.. 'പറമ്പില്‍ പന നില്‍പ്പില്ലേ..? ഓല വെട്ടിക്കോട്ടെ..? ആനയുടെ തീറ്റ തീര്ന്നു..' പകല്‍ ചെന്നു വെട്ടിക്കോളാന്‍ അനുവാദം നല്കി ഞങ്ങള്‍ തമ്പി ചേട്ടന്റെ കടയിലേക്ക് കയറി.. കുറച്ചു നേരം ആന വിശേഷങ്ങള്‍ ഒക്കെ പറഞ്ഞു എന്റെ ചിലവില്‍ ഒരു സോഡയും കുടിച്ചു അയാള്‍ ആനയുടെ അടുത്തേക്ക് പോയി.. അപ്പോഴും കടയില്‍ അന്നത്തെ കുടിയന്റെ സംഭവം തന്നെയായിരുന്നു സംസാര വിഷയം..

അടുത്ത ദിവസം വെളുപ്പിനെ മൂന്നു മണിക്ക് തന്നെ അമ്പലത്തിലെത്തി.. ഏഴരയ്ക്ക് ശീവേലി തുടങ്ങാന്‍ ഭാവിച്ചപ്പോള്‍ വാച്ചര്‍ 'ആന എത്തിയില്ല, കുളിപ്പിക്കാന്‍ കൊണ്ടുപോയിരിക്കുകയാണ്' എന്ന് പറഞ്ഞു.. അല്‍പസമയം കാത്തു നിന്നു ഒടുവില്‍ എട്ടു മണിയോടെ ശീവേലി ആരംഭിച്ചു.. പുറത്തു എത്തിയപ്പോള്‍ ശങ്കരകുട്ടി കുളിച്ചു കുട്ടപ്പനായി ആനക്കൊട്ടിലില്‍ തന്നെയുണ്ട്.. ഞാന്‍ ശര്‍ക്കരയും നല്കി അവന്റെ പുറത്തു കയറി.. പതിവില്ലാതെ ആനയുടെ ശരീരത്തിന് ഒരു തണുപ്പ് അനുഭവപ്പെട്ടു.. എനിക്ക് ചെറിയ ഒരു ഭയം തോന്നിയെങ്കിലും കുളി കഴിഞ്ഞ എത്തിയതല്ലെ ഉള്ളു, അതാവും എന്നും കരുതി സമാധാനിച്ചു.. പതിവുപോലെ മേളവും ശീവേലിയും പത്തു മണിയോടെ അവസാനിച്ചു..

അന്ന് പകലത്തെ പരിപാടികള്‍ കഴിഞ്ഞു തിരികെ പോകാന്‍ മൊബൈല് എടുത്തപോ സുഹൃത്തിന്റെ മെസ്സേജ് കണ്ടു; വീട്ടിലേക്ക് വരുന്നുണ്ട്, അവിടുന്ന് പുറപ്പെട്ടു എന്ന്.. വീട്ടിലെത്തി അകത്തേക്ക് കയറാന്‍ തുടങ്ങിയപ്പോള്‍ അവന്റെ കോള്‍ വന്നു.. "ഞാന്‍ വീട്ടിലെത്തി" എന്ന് പറഞ്ഞു തീരുന്നതിനു മുന്നേ അവന്റെ ശബ്ദം കേട്ടു; "നീ കയറിയ ആന ഇടഞ്ഞെടാ..!!!" എനിക്ക് വിശ്വാസമായില്ല.. "ഞാന്‍ അമ്പലത്തിന്റെ അടുത്ത് വരെ എത്തി.. അപ്പോഴാ വഴിയില്‍ നിന്ന ഒരു ചേച്ചി പറഞ്ഞതു, അവിടെ ആന ഇടഞ്ഞു നില്കുകായ, അങ്ങോട്ട് പോവണ്ട എന്ന്.. അതുകൊണ്ട് ഞാന്‍ മെയിന്‍ റോഡ് വഴിയാണ് വരുന്നതു..!!"

ഞാന്‍ അപ്പോള്‍ തന്നെ വീട് പൂട്ടി അമ്പലത്തിലേക്ക് ഓടി.. അപ്പോഴേക്കും അവനും അവിടെ എത്തി.. അമ്പലമുറ്റത്ത്‌ കണ്ട കാഴ്ച.... സോമന്‍ ചേട്ടനെ തുമ്പിക്കൈ കൊണ്ടു എടുത്തെറിയുകയാണ് ശങ്കരന്‍കുട്ടി..!! ആലിന്റെ അടുത്ത മതിലും തകര്‍ത്ത് അയാള്‍ ഒരു തെങ്ങിന്റെ ചുവട്ടില്‍ വന്നു വീണു.. അയാളെ കുത്താനായി കുതിക്കുകയാണ് ആന..!
പ്രസാദമുട്ടിനു എത്തിയ സ്ത്രീകളും കുട്ടികളും അടങ്ങിയ ജനക്കൂട്ടം ഭയന്ന് നിലവിളിക്കുകയാണ്.. എന്ത് ചെയ്യണമെന്നറിയാതെ ഞങ്ങളും... ആ കാഴ്ച കാണാനാവാതെ ഞാന്‍ കണ്ണ് പൊത്തി.. പക്ഷേ മഹാദേവന്‍ കാത്തു.. അയാള്‍ രണ്ടു കൊമ്പുകളുടെയും ഇടയില്‍ പെട്ടു..!! ആന പിന്നോട്ട് മാറിയ തക്കത്തിന് കുറച്ചു പേര്‍ ചേര്‍ന്ന് അയാളെ വലിച്ചു പൊക്കിയെടുത്തു മാറി.. ചിലര്‍ അയാളെ ചീത്ത പറയുകയും തല്ലുകയും ചെയ്യുന്നു.. തലേ ദിവസം അയാള്‍ പറഞ്ഞ കാര്യങ്ങള്‍ ആണ് എനിക്കപ്പോള്‍ ഓര്‍മ വന്നത്.. എന്തിനാ ആ പാവത്തിനെ ഉപദ്രവിക്കുന്നത് എന്ന് വിചാരിച്ചു കൊണ്ടു നിന്നപ്പോഴാണ് രാജീവിനെ കണ്ടത്.. അയാള്‍ പറഞ്ഞപ്പോഴാ കാര്യങ്ങള്‍ അറിഞ്ഞത്..

"സോമന്‍ ചേട്ടന്‍ വെള്ളമടിച്ചു ആനയേം കൂട്ടി മുറ്റത്തേക്ക്‌ വന്നു.. മുറ്റം നിറയെ ആള്‍ക്കാര് നില്ക്കുന്ന കണ്ടു ആന അകത്തേക്ക് കയറിയില്ല.. ആനയ്ക്ക് ചോറ് വേണം എന്നും പറഞ്ഞായിരുന്നു വരവ്.. ആന നട കയറാന്‍ മടിച്ചപ്പോള്‍ അയാള്‍ തോട്ടി കൊണ്ടു അതിനെ പൊതിരെ തല്ലി.. അപ്പോഴാണ് ആന അയാളുടെ നേരെ തിരിഞ്ഞത്.." ഇന്നലെ ഇവിടെ വച്ചു ഇത്ര കാര്യമായി സംസാരിച്ചയാല്‍ ഇങ്ങനൊക്കെ ചെയ്യുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയില്ല.. അതിനുള്ളില്‍ പോലീസ് എത്തി ആളുകളെ നിയന്ത്രിച്ചു തുടങ്ങി.. ആന ആലിന്റെ അടുത്ത് വഴിയിലേക്കു അഭിമുഖമായി നില്‍ക്കുകയാണ്‌.. അല്പം അടങ്ങിയ മട്ടിലാണ് നില്പ്.. ബാലകൃഷ്ണന്‍ ചേട്ടന്‍ മെസ്സിലെ മോട്ടോര്‍ ഉപയോഗിച്ചു ആനയുടെ പുറത്തു വെള്ളമൊഴിച്ച് തണുപ്പിക്കാന്‍ ശ്രെമിക്കുന്നു.. ചിലര്‍ പഴക്കുല ആനയുടെ മുന്നില്‍ ഇട്ടു കൊടുക്കുന്നു.. പുതിയ ആള്‍ ആയതു കൊണ്ടു രണ്ടാം പാപ്പാന് എല്ലാം കണ്ടു കൊണ്ടു നില്‍ക്കുവനെ കഴിഞ്ഞുള്ളൂ.. അതിനിടെ ചിലര്‍ പോയി ആനയുടെ ഉടമസ്ഥനെ വിളിച്ചു കൊണ്ടു വന്നു.. ഞാനും ഉണ്ണിയേട്ടനും മേളക്കാരും ആനക്കൊട്ടിലിനു സമീപം നില്‍ക്കുകയാണ്‌.. പോലീസ് സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും കയറ്റി ഗേറ്റ് പൂട്ടി..

അപ്പോഴേക്കും ഉടമസ്ഥന്‍ എത്തി.. പാപ്പനെ ചീത്ത പറഞ്ഞു കൊണ്ടു ചിലര്‍ അയാളുടെ പിന്നാലെയും.. മറ്റു ചിലര്‍ ചേര്ന്നു അവരെ പിന്തിരിപ്പിച്ചു.. അയാള്‍ ആനയുടെ അടുത്തെത്തി "ശങ്കരാ" എന്ന് വിളിച്ചു.. ആന പ്രതികരിച്ചു തുടങ്ങി.. അയാള്‍ കൊടുത്ത പഴം ആന വാങ്ങി തിന്നു.. "പാപ്പാന്‍ ഇല്ലാതെ തളയ്ക്കാന്‍ പറ്റില്ല, സോമനെ വിളിച്ചോണ്ട് വരൂ" അയാള്‍ പറഞ്ഞു.. രണ്ടു പേര്‍ ചേര്‍ന്നാണ്‌ സോമന്‍ ചേട്ടനെ കൂട്ടികൊണ്ട് വന്നത്.. മതിലില്‍ ഇടിച്ചു അയാളുടെ വലത്തേ കാല്‍പാദം തകര്‍ന്നു.. സോമന്‍ ചേട്ടനെ കണ്ടപ്പോ ആന പേടിച്ചു മാറി നില്‍കാന്‍ തുടങ്ങി.. "ശങ്കരാ, അടുത്ത് വാ, ഇവന്‍ നിന്നെ ഒന്നും ചെയ്യില്ല" എന്നൊക്കെ പറഞ്ഞു ഉടമസ്ഥന്‍ ആനയെ വിളിച്ചു.. ആന വീണ്ടും അനുസരിച്ച് തുടങ്ങി.. 'തുംബികെട്ടാന്‍' പറഞ്ഞപ്പോള്‍ ആന തുമ്പിക്കൈ കൊമ്പില്‍ ചുറ്റി നിന്നു.. പാപ്പാന്‍ പതുക്കെ തോട്ടിയുമായി ശങ്കരന്കുട്ടിയുടെ അടുത്തേക്ക് ചെന്നു..

തളയ്ക്കാന്‍ പോവുകയാണ്, എല്ലാം അവസാനിച്ചു എന്ന് കരുതി എല്ലാവരും സമാധാനിച്ചു.. "മഹാദേവാ.. നീ രക്ഷിച്ചു" എന്ന് പ്രാര്‍ഥിച്ചു കൊണ്ട് സെക്രട്ടറി രാജേന്ദ്രന്‍ നടയിലേക്കു നോക്കി തൊഴുതു, ഉടനെ പിന്നില്‍ ബഹളം കേട്ടു; "ആന വിരണ്ടേ.. ഓടിക്കോ..!!!" പാപ്പാന്‍ വീഴാന്‍ തുടങ്ങിയപ്പോ പിടിച്ചത് ആനയുടെ വാലില്‍..!! വീണ്ടും ഉപദ്രവിക്കുകയാണെന്നു കരുതി ആന മുന്നിലെ വഴിയിലൂടെ ഒരു ഓട്ടം..!!! പിന്നാലെ പാപ്പാന്‍ വരുന്നുണ്ടോ എന്നറിയാന്‍ ഇടയ്ക്കിടെ തിരിഞ്ഞു നോക്കുകയും ചെയ്യുന്നുണ്ട്.. വഴിയില്‍ നിന്നിരുന്ന ആളുകളെയോ വാഹനങ്ങളെയോ തൊടുക പോലും ചെയ്യാതെ ശങ്കരന്‍കുട്ടി ഓടി.. ഉടന്‍ തന്നെ മൈക്കില്‍ കൂടി നാടു മുഴുവന്‍ അറിയിപ്പും എത്തി.. "ആന വിരണ്ടു തിരുവഞ്ചൂര്‍ ഭാഗത്തേക്ക് ഓടിയിട്ടുണ്ട്, നാട്ടുകാര്‍ ജാഗൃത പാലിക്കുക.."

ഞങ്ങളും ശങ്കരന്കുട്ടിയുടെ പിന്നാലെ പാഞ്ഞു.. മെയിന്‍ റോഡ് എത്തിയപ്പോള്‍ ഫയര്‍ ഫോഴ്സ് എത്തി.. ആന അടുത്ത പറമ്പില്‍ കൂടി അടുത്ത റോഡില്‍ ഇറങ്ങി ഓടി.. അതെ സമയം ആയിരുന്നു എതിരെ ഒരാള്‍ ബൈക്കില്‍ വന്നത്.. ആനയെ കണ്ട മാത്രയില്‍ അയാള്‍ പരിഭ്രമിച്ചു.. വണ്ടി നിന്നു പോവുകേം ചെയ്തു.. സ്റ്റാര്‍ട്ട്‌ ആവുകയും ചെയ്യുന്നില്ല.. അയാള്‍ മരണത്തെ തൊട്ടു മുന്നില്‍ കണ്ടു നില്‍കുമ്പോള്‍ ആന അയാളുടെ അടുത്ത് നിന്നും നീങ്ങി അരികു ചേര്ന്നു ഓടി..!! അടുത്ത വളവില്‍ ആന വരുന്നുണ്ടോ എന്ന് നോക്കാന്‍ വീട്ടില്‍ നിന്നും ചാടി പുറത്തിറങ്ങിയ ഒരു കാര്‍ന്നോരു ആണ് ആനയെ അഭിമുഖീകരിച്ചത്..! അവിടെയും ആന വിനയം കാട്ടി..!! മൂന്നു കിലോമീറ്റര്‍ അപ്പുറെ ചെന്നു കഴിഞ്ഞപ്പോള്‍ അവിടെയുള്ള എല്‍ പി സ്കൂള്‍ വിട്ട സമയം ആയി... ആനയെ കാണാന്‍ കൌതുകത്തോടെ കുട്ടികളെല്ലാം വഴിയിലേക്കു ഓടി ഇറങ്ങി... അവരുടെയെല്ലാം ഇടയിലൂടെ ഒന്നു തൊടുക പോലും ചെയ്യാതെ അവന്‍ ഓടി..!! ഒടുവില്‍ അമ്പലത്തില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ അകലെ ഒരു കുന്നിന്‍ പുറത്തെ റബ്ബര്‍ തോട്ടത്തില്‍ ശങ്കരന്‍കുട്ടി അവന്റെ മാരത്തോണ്‍ അവസാനിപ്പിച്ചു... അപ്പോള്‍ അവിടെയും പൂരത്തിന്റെ തിരക്കായി... നാലഞ്ചു വാഹനങ്ങളിലായി പോലീസും, പാപ്പാനും, ഉടമസ്ഥനും എല്ലാം അങ്ങോട്ട് പോയി.. ആരെയും കുന്നിന്റെ മുകളിലേക്ക് ചെല്ലുവാന്‍ പോലീസ് അമ്മാവന്മാര്‍ സമ്മതിച്ചില്ല.. (പോലീസ്, അമ്മാവന്‍ എന്നും, പോലീസ് സ്റ്റേഷന്‍, 'അമ്മാത്ത്‌' ആയിട്ടുമാണ് ഞങ്ങള്‍ പൊതുവെ പറയാറ്‌..!) ഒരു മണിക്കൂര്‍ അവിടെയൊക്കെ ഞങ്ങള്‍ കറങ്ങി നടന്നു.. പിന്നെ, ആനയെ തളച്ചു എന്ന്‍ അറിഞ്ഞപ്പോള്‍ തിരികെ പോന്നു..

അന്ന് രാത്രി ശിവന്‍ എന്ന ആന എത്തി.. അന്ന് എന്നെ ആനപ്പുറത്ത് കയറാന്‍ അച്ഛനും അമ്മയും സമ്മതിച്ചില്ല.. അന്ന് മണിയേട്ടന്‍ ആണ് ആനപ്പുറത്ത് കയറിയത്..

എല്ലാവരും പതുക്കെ എല്ലാം മറന്നു തുടങ്ങി.. ഉത്സവം കഴിഞ്ഞു .. സോമന്‍ ചേട്ടനെ പിരിച്ചു വിട്ടു.. ശങ്കരന്‍കുട്ടി രണ്ടു തവണ വീണ്ടു പല സ്ഥലത്തും ഇടഞ്ഞു.. അവനെ വിറ്റു എന്നും കേട്ടു.. നാലഞ്ചു വര്ഷം മുന്‍പ്‌ ഇടഞ്ഞ നീലകണ്ഠന്‍ എന്ന ആനയെ എല്ലാവരും കൈ വിട്ടപ്പോള്‍ അവനെ മെരുക്കിയെടുത്തു ഈ അമ്പലത്തില്‍ തന്നെ വീണ്ടും കൊണ്ടുവന്ന കേമന്‍ ആയിരുന്നു ആ പാപ്പാന്‍.. ഒരു ദിവസം പത്രത്തില്‍ ഒരു ചെറിയ വാര്‍ത്ത‍.. സോമന്‍ ചേട്ടന്‍ ആത്മഹത്യ ചെയ്തു...!!! അധികം ആരും ശ്രദ്ധിച്ചില്ല.. എല്ലാവരും മറന്നു.. പക്ഷെ ഇന്നും പറമ്പില്‍ ചെല്ലുമ്പോള്‍ ഞാന്‍ എല്ലാം ഓര്‍ക്കും.. ശങ്കരന്കുട്ടിക്കു കൊടുക്കാന്‍ സോമന്‍ ചേട്ടന്‍ ചോദിച്ച പന ഇപ്പോഴും അവിടെ നില്ക്കുന്നു..... ശങ്കരന്‍കുട്ടി ഇപ്പൊ എവിടെയാണോ......

Friday, April 3, 2009

മാന്ത്രിക കൂട്..

എന്തൊക്കെയോ എഴുതണം എന്ന തോന്നലുമായി കുറെ നേരമായി മൊബൈലിലെ ഡയറിയും ഓപ്പണ്‍ ചെയ്തു കിടക്കുന്നു.. മനസ്സില്‍ തോന്നുന്നതെല്ലാം കുത്തിക്കുറിക്കുന്ന ശീലം തുടങ്ങിയിട്ട് കുറെ കാലം ആയി.. അങ്ങനെയൊരു ചിന്ത ഉണ്ടായാല്‍ പിന്നെ എല്ലാം പെട്ടെന്നാവും.. ബുകോ പേപെരോ കമ്പ്യൂട്ടറോ മൊബൈലോ എന്ന് വേണ്ട ഭിത്തിയില്‍ ആയാലും എഴുതും..

പലതും ഓര്‍മയില്‍ വന്നു.. പക്ഷെ അനുഭവങ്ങളുടെ കുത്തൊഴുക്കില്‍ എല്ലാം ഒലിച്ചു പോയ മനസ്സിപ്പോള്‍ ശൂന്യമാണ്.. സമയം രാത്രി പന്ത്രണ്ടു കഴിഞ്ഞു .. നിദ്രടെവി പോലും നിദ്രയിലാണ്ടിട്ടുണ്ടാവും.. മൊബൈലിലെ എമ്പീത്രീ പ്ലെയറിലെ നൂറില്‍ അധികം വരുന്ന പാട്ടുകള്‍ രണ്ടാമത്തെ തവണയും പാടി തീരാറായി.. തന്റെ ബാറ്ററിയുടെ ജീവരക്തം മുഴുവന്‍ ഊട്ടിക്കുടിക്കപ്പെട്ടതിനാല്‍ എലിപ്പെട്ടിയില്‍ അകപ്പെട്ട എലിയെ പോലെ മൊബൈല് കിടന്നു മോങ്ങുന്നു.. ചാര്‍ജര്‍ കണക്ട് ചെയ്യാന്‍ കൈ ഒന്നു നീട്ടുന്ന അമാന്തമെയുല്ലു.. പക്ഷെ ഇതുവരെ അതിനുപോലും മിനക്കെട്ടില്ല.. എല്ലാം അറിഞ്ഞെന്കിലും ശ്രെധിച്ചില്ല എന്നതാണ് സത്യം.. 'മന്ദാരമാലധാരിയെയുമ്', 'തിരുനക്കരതേവരെയുമ്' വിളിച്ചു കേണപേക്ഷിച്ചു ഒടുവില്‍ വിഷമത്തോടെ 'എന്നും വരും നീ' കൂടി പാടി തീര്ത്ത മൊബൈല് ചാര്‍ജറിന്റെ വരവോടെ ശങ്കരന്‍ എമ്ബ്രാന്തിരിയുടെ മാസ്റ്റര്‍ പീസ് ''അജിതാ ഹരേ' പാടി ഉഷാറായി..

സ്ക്രീനില്‍ മുഖം പൂഴ്ത്തി തലവേദന തുടങ്ങിയപ്പോള്‍ അല്‍പനേരം എഴുനെറ്റിരിക്കാം എന്ന് കരുതി.. ജനാലയോട് ചേര്ന്നു കിടക്കുന്നു ചാരുകസേരയില്‍ സ്ഥാനം പിടിച്ചപോഴേക്കും സന്ഗീതപ്പെട്ടി എമ്ബ്രാന്തിരിയെ വിട്ടു ഏ ആര്‍ റഹ്മാനെ പിടിച്ചു കഴിഞ്ഞു ..

എങ്കില്‍ ഒന്നു മുരുക്കിയാലോ എന്നായി ചിന്ത.. കാരണവരെ പോലെ ചാരുകസേരയില്‍ കാലും നേടിയിരുന്നു മുറുക്കാന്‍ എടുത്തപ്പോള്‍ പെട്ടെന്ന് ഓര്‍ത്തത്‌ ശ്യാമ ചേച്ചിയുടെ മുഖമാണ്.. അന്നൊരിക്കല്‍ പിണങ്ങിയതും പിന്നീട്, ഇനി മുറുക്കില്ല എന്ന് സത്യം ചെയ്തു കൊടുത്ത് ആ പിണക്കം മാറ്റിയതും എല്ലാം ഓര്‍മയില്‍ പാഞ്ഞെത്തി.. പക്ഷെ ആഴ്ചയില്‍ ഒരു തവണയെങ്കിലും മുറുക്കുക എന്ന ദിസ്കൌന്ട് വാങ്ങിയതാണ് അതിലും വേഗം പാഞ്ഞെത്തിയത്‌.. അയ്യോ..! ഇന്നലെയും മുരുക്കിയല്ലോ.. ഓ.. സാരമില്ല.. ഇന്നലെ ശെനിയാഴ്ച.. കഴിഞ്ഞ ആഴ്ച ഇന്നലെ തീര്ന്നു.. ഇന്നു ഞായര്‍.. പുതിയ ആഴ്ച തുടങ്ങുകയാണല്ലോ..! മനുഷ്യന് തന്റെ ആവശ്യങ്ങളും ആഗ്രഹങ്ങളും നിറവേറ്റാനുള്ള വെറുമൊരു ഉപാധി മാത്രമായി ദൈവം മാറിയ ഈ കാലഘട്ടത്തില്‍ ഒരു സത്യത്തിന്റെ പ്രസക്തി എത്രത്തോളം ഉണ്ടാവും..

ആലോചിച്ചു വന്നപ്പോഴേക്കും വെട്ടിലയെടുത്തു നൂറും തേച്ചു അടയ്ക്കയും കൂട്ടി വായിലിട്ടു കഴിഞ്ഞു .. രാമേട്ടന്റെ കടയിലെ അറിഞ്ഞ വടക്കന്‍ പുകയിലയും അല്പം എടുത്തു.. കൂടെ മേമ്പോടിക്ക് ഇരട്ടിമധുരവും കുരുമുളകും ഗ്രാമ്പുവും ഏലയ്ക്കയും മറ്റും..

ചാരുകസേരയിലേക്ക് മലര്‍ന്നു.. പാടത്ത് നിന്നുള്ള കാറ്റു കൊണ്ട് മുരുക്കുവാനും പറമ്പിലേക്ക്‌ നീട്ടി തുപ്പുവാനുമുള്ള സൌകര്യാര്ധമാണ് കസേരയുടെ സ്ഥാനം ജനാലയുടെ അരികില്‍ ആക്കിയത്.. പുറത്തു നല്ല നിലാവുണ്ട്.. ചെറിയ കാറ്റും.. രാത്രിയുടെ ഇരുട്ടില്‍ ഇളംകാറ്റിന്റെ കൂട്ട് പിടിച്ചു തെയ്യം തുള്ളുന്ന വഴയിലകള്‍ നിലാവെളിച്ചത്തില്‍ പലപല രൂപങ്ങളായി മാറി.. ജനാലയോട് ചേര്ന്നു താഴെ തൊടിയില്‍ നില്ക്കുന്ന വാഴയാണ് ഒരു സുഹൃത്ത്.. സന്തോഷം വരുമ്പോള്‍ കൂടെ ചിരിച്ച് ഉല്ലസിച്ച് നില്ക്കുന്ന രൂപമായും, സങ്കടം വരുമ്പോള്‍ കൂടെ കരയുന്ന രൂപമായും ആ വാഴയിലകള്‍ എന്നും രാത്രിയില്‍ ഈ ഏകാന്ത ജീവനൊരു കൂട്ടുണ്ടാവും.. പക്ഷെ ഇന്നിപ്പോ ഏതോ ഒരു അപരിചിത ഭാവത്തിലാണല്ലോ അവ.. വാഴയിലെ ഞാലിപ്പൂവന്‍ കുല മൂത്ത് വരുന്നു.. സുഹൃത്തിന്റെ വാക്കുകളാണ് ഓര്‍മയിലെത്തിയത്.. എന്നും വാഴയുടെ ചുവട്ടില്‍ മുറുക്കി തുപ്പിയാല്‍ കുല ഉണ്ടാവുമ്പോള്‍ അടയ്കാ കുലയും ഇലയ്ക്ക് പകരം വെറ്റിലയും ഉണ്ടാവുമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം..

പലതും ആലോചിച്ചു വന്നപ്പോള്‍ പെട്ടെന്നൊരു കലപില ശബ്ദം.. എന്താണെന്നു ആലോചിച്ചു വന്നപോഴേക്കും മൊബൈല് ഉത്തരം തന്നു, "മഴക്കാലമല്ലേ.. മഴയല്ലേ.." സുഖായി.. ഏറ്റവും പ്രിയപ്പെട്ട കോമ്പിനേഷന്‍ ആണിത്.. മഴ പെയ്യുമ്പോള്‍ അതും കണ്ടു കൊണ്ടു ചാരുകസേരയില്‍ കിടക്കുക.. കൂടെ ഒരു മുറുക്കാനും.. പക്ഷെ അതിന് മുന്നേ ഒരു കട്ടന്‍ കാപ്പി കൂടി കിട്ടിയിരുന്നെന്കില്‍ കേമാമായിരുന്നെനെ.. പക്ഷെ ജീവിതത്തിലെ പല സുഖങ്ങളും സന്തോഷങ്ങളും നഷ്ടപ്പെട്ടയാള്ക് ഈ നഷ്ടം എത്ര നിസ്സാരം..

നഷ്ടങ്ങളുടെ കണക്കുപുസ്തകം മനസ്സിനെ അസ്വസ്ഥമാക്കാന്‍ എന്നും കടന്നു വരും.. ആരെയും പഴിക്കേണ്ട കാര്യമില്ലല്ലോ.. ഇതുവരെ ജീവിതം പഠിച്ചത് നഷ്ടങ്ങളിളുടെയാണ്.. കണക്കുകൂട്ടലുകള്‍ എന്നും നഷ്ടത്തിലെ അവസാനിക്കാരുള്ള്.. ഒരിക്കല്‍ ഒരു ലാഭം ഉണ്ടായാല്‍ അതൊരു വലിയ നഷ്ടതിലേക്കുള്ള യാത്രയുടെ ആരംഭം മാത്രം..

പരസ്പര വിശ്വാസമാണ് ജീവിതത്തില്‍ ഏറ്റവും പ്രധാനം എന്നതാണ് കാഴ്ചപ്പാട്.. പൂര്‍ണ്ണമായും നമ്മെ വിശ്വസിച്ചു ജീവിക്കുന്നവരുടെ വിശ്വാസം തകര്‍ക്കരുത്‌.. അങ്ങനെ അങ്ങനെ സംഭവിച്ചാല്‍ തകരുന്നത് അവരുടെ ജീവിതമാവും.. ഇതു എന്നും മനസ്സിലുണ്ട്.. പക്ഷെ ഇതു തന്നെയാണല്ലോ നഷ്ടങ്ങള്‍ നേടി തന്നത്.. വിശ്വസിച്ചു ജീവിച്ചയാളുടെ സന്തോഷത്തിനായി പലതും നഷ്ടപ്പെടുത്തി.. പലതും.. ഈയൊരു ചിന്ത മാത്രമായിരുന്നു മനസ്സില്‍.. പക്ഷെ ഒടുവില്‍... ഇപ്പൊ എന്ത് നേടി... ഇതുവരെ ആരോരാള്‍ക്ക് വേണ്ടിയാണോ എല്ലാം നഷ്ടപ്പെടുത്തിയത്, അയാളും നഷ്ടപ്പെട്ടു.. എല്ലാം നഷ്ടമായി.. അപ്പോഴും ശ്യാമ ചേച്ചിയുടെ വാക്കുകള്‍ തന്നെ ഉള്ളില്‍.. "ഇനിയെന്കിലും നിനക്കു വേണ്ടി ഒന്നു ജീവിച്ചൂടെ..?"

ശെരിയാണ്.. സ്വന്തം ജീവിതം എന്ന് ഓര്ത്തു ഇതുവരെ ജീവിച്ചിട്ടില്ല.. ചെയ്ത ഓരോ കാര്യവും.. പറഞ്ഞ ഓരോ വാക്കും.. ചിലവാക്കിയ ഓരോ നിമിഷവും, അനുഭവിച്ച ഓരോ വേദനയും മറ്റു പലര്ക്കും വേണ്ടി ആയിരുന്നു.. ഒടുവില്‍ പ്രയോഗിക്കേണ്ട സമയത്തു വിദ്യ മറന്നു പോകപ്പെട്ടയാലെ പോലെ സ്വന്തം ജീവിതത്തിന്റെ കാര്യം ആയപ്പോള്‍ മറ്റുള്ളവരുമില്ല, താന്‍ തന്നെയും ഇല്ല..

മനസ്സില്‍ കുറെ നീട്ടലും വേദനയുടെ കനാലുകളും മാത്രം ബാകി.. ഇതുപോലെ പലപ്പോഴും ആ കനലുകള്‍ നീരിപ്പുകഞ്ഞു ഉള്ളു കത്തും.. ഓരോ ഓര്‍മകളും ഓരോ ദുസ്സ്വപ്നം പോലെ ഇടയ്ക്കിടെ മനസ്സില്‍ ഓടിയെത്തും.. ചേച്ചി പറഞ്ഞ പോലെ, ഇനിയെന്കിലും സ്വന്തം കാര്യം അല്പമെങ്കിലും ശ്രെധിച്ചു ജീവികണമെന്നു കരുതി.. പക്ഷെ.. മറക്കാന്‍ ശ്രേമിച്ചിട്ടും മനസ്സു വിട്ടു പോവാത്ത പലപല ഓര്‍മ്മകള്‍.. മറവി ഒരു അനുഗ്രഹമാവുന്ന സമയം..

കണ്ണ്
നിറഞ്ഞ കവിളില്‍ നനവുണ്ടായപ്പോഴാനു എന്തൊക്കെയോ ചിന്തിച്ചു കൂട്ടിയതെന്നു ബോധമുണ്ടായത്.. ചിരിക്കാനാണ് തോന്നിയത്.. ഇപ്പോള്‍ ഇങ്ങനെയാണ്.. സങ്കടം വരുമ്പോള്‍ ചിരിക്കാന്‍ പഠിച്ചു..

മുറുക്കി കഴിഞ്ഞു .. മഴ തോര്‍ന്നു.. ഈറനണിഞ്ഞ കണ്ണുകളെ ഉറക്കം ബാധിച്ചു.... മൊബൈല് മാത്രം പാടിക്കൊണ്ടിരുന്നു...

"മനസ്സു.. ഒരു മാന്ത്രിക കൂട്.. മായകള്‍ തന്‍ കളിവീട്...."

Tuesday, March 31, 2009

മഴ..



ഇപ്പോള്‍ പെട്ടെന്ന് മനസ്സില്‍ ഓടിയെത്തുന്നത് മഴക്കാലമാണ്.. എന്റെ പ്രിയതോഴിയായ മഴ വിരുന്നെത്തുന്ന ആ കാലം.. മനസ്സില്‍ കുളിര് കൊരിയിട്ടുകൊണ്ട് എത്തുന്ന മഴത്തുള്ളികള്‍..


ആദ്യമൊക്കെ മഴയില്‍ കളിക്കാനായിരുന്നു മോഹം.. പിന്നെ മഴ പലതിനും സാക്ഷിയായി.. അങ്ങനെ മറക്കാന്‍ സ്രെമിക്കുന്ന കാര്യങ്ങള്‍ ഓര്മിപ്പിക്കുന്നാവളായി മഴ.. ജീവിതത്തിന്റെ തിരക്കിലും കണ്പീളികളെ ഈരനനിയിക്കാന്‍ മഴ വീണ്ടുമെത്തുന്നു.. ഒരു ക്ഷണിക്കപെടാത്ത വിരുന്നുകരിയെ പോലെ..

ഈ മഴ എനിക്ക് പേടിയാ..
മനസ്സിന്റെ താളം തെറ്റിക്കാന്‍ ശക്തിയുണ്ട് ഈ മഴത്തുള്ളികള്‍ക്ക്‌.. മഴയുടെ മൌന സന്ഗീതത്തില്‍ മഥിക്കുന്ന കാഴ്ചകള്‍ ഒട്ടേറെ മനസ്സിലേക്ക് ഓടിയെത്തുന്നു.. കളിയും ചിരിയും നൊമ്പരവുമെല്ലമുണ്ടാവും.. പക്ഷെ ഇപ്പോള്‍ പെയ്യുന്ന മഴയ്ക്ക്‌ കണ്ണുനീര്‍ മാത്രമെ സൃഷ്ടിക്കാനാവുന്നുല്ല്.. ഇടിയും മഴയും കാര്‍മേഘവും കരച്ചിലും വിരഹവും നൊമ്പരവുമെല്ലാം ജീവിതത്തിന്റെ ഊടും പാവും ആയിരുന്ന നാളുകള്‍..


നിങ്ങള്‍ക്കറിയാമോ..?
കന്നീര്തുള്ളികള്‍ക്കും മഴത്തുള്ളികള്‍ക്കും ഒരു സാമ്യതയുണ്ട്..

രണ്ടും ഒരിക്കലും തോരാതെ പെയ്തുകൊണ്ടേയിരിക്കും......

Monday, March 30, 2009

ഇതാണ് ഞാന്‍..

എന്നെ കുറിച്ചല്ല..
എന്റെ ജീവിതത്തെ കുറിച്ച്..

ഒന്നു നേടുമ്പോള്‍,
മറ്റൊന്ന് നഷ്ടപ്പെടും..

അതാണ്‌ ജീവിതം..

പക്ഷെ,

ഒന്നു നഷ്ടപ്പെട്ടിട്ടും,
മറ്റൊന്ന് നെടനായില്ലെന്കിലോ..?
അത് ജീവിതമാകുമോ..?

കോടീശ്വരന്‍..
ഒരു രാത്രി കൊണ്ടു
ഭിക്ഷക്കാരന്‍ ആകുന്ന പോലെ..

ജീവിതത്തിന്റെ വഴിത്താരയില്‍..
ജീവനെടുക്കാന്‍ പലരും വന്നു..
ജീവനെക്കാളേറെ സ്നേഹിച്ചവര്‍ വന്നു..
ചിലര്‍ അങ്ങനെ അഭിനയിച്ചു..
ചിലര്‍ വിട്ടുപിരിഞ്ഞു..
ചിലര്‍ കൂടെ കൂടി..
ചിലര്‍ ചതിച്ചു..
ചിലര്‍ കളിയാക്കി..

സ്വപ്‌നങ്ങള്‍ കണ്ടു..
പൊട്ടികരഞ്ഞു..
പുന്ചിരിച്ചു..

പലരെയും ചിരിപ്പിച്ചു..
ചിലരെ കരയിച്ചു..
മറ്റുചിലര്‍ കരയിച്ചു..
കോമാളിയാക്കി..

തലയില്‍ വച്ചു നടന്നവര്‍,
തറയില്‍ ചവുട്ടിയരച്ചു..

അതിനിടയിലും ചിലര്‍..,
കൈത്താങ്ങായി..
കന്നീരോപ്പുന്ന കരസ്പര്‍ശമായി..
കൂടെ നിന്നു..
അവരും അനുഭവിച്ചു..

ഒടുവില്‍..

കുറച്ചു മാത്രം നേടി..
കുറെയേറെ നഷ്ടപ്പെട്ടു..

പക്ഷെ,
മനസ്സിലായി..

ജീവിതമാകുന്ന ഈ മരുഭൂമി യാത്രയില്‍..
നേടിയതെല്ലാം ആശ്വാസമേകുന്ന മരുപച്ചകള്‍..
നഷ്ടപ്പെട്ടതെല്ലാം ചുട്ടുപഴുത്ത മണല്‍ത്തരികള്‍..

പലതും തിരിച്ചറിഞ്ഞു..

സങ്കല്പങ്ങള്‍ എല്ലാം തെറ്റാണെന്ന്
മുന്നോട്ടുള്ള ജീവിതം പഠിപ്പിച്ചു..

എല്ലാം ഓര്‍മ്മകള്‍..
കണ്ണില്‍..
രണ്ടു തുള്ളി കണ്ണീര്‍
നിറയ്ക്കുവാന്‍ മാത്രം...

"പോയ്മറയും കാലമിതില്‍..
പോയ്മരയതോരീ ഓര്‍മ്മകള്‍..."


- അനിയന്കുട്ടന്‍..