Friday, April 3, 2009

മാന്ത്രിക കൂട്..

എന്തൊക്കെയോ എഴുതണം എന്ന തോന്നലുമായി കുറെ നേരമായി മൊബൈലിലെ ഡയറിയും ഓപ്പണ്‍ ചെയ്തു കിടക്കുന്നു.. മനസ്സില്‍ തോന്നുന്നതെല്ലാം കുത്തിക്കുറിക്കുന്ന ശീലം തുടങ്ങിയിട്ട് കുറെ കാലം ആയി.. അങ്ങനെയൊരു ചിന്ത ഉണ്ടായാല്‍ പിന്നെ എല്ലാം പെട്ടെന്നാവും.. ബുകോ പേപെരോ കമ്പ്യൂട്ടറോ മൊബൈലോ എന്ന് വേണ്ട ഭിത്തിയില്‍ ആയാലും എഴുതും..

പലതും ഓര്‍മയില്‍ വന്നു.. പക്ഷെ അനുഭവങ്ങളുടെ കുത്തൊഴുക്കില്‍ എല്ലാം ഒലിച്ചു പോയ മനസ്സിപ്പോള്‍ ശൂന്യമാണ്.. സമയം രാത്രി പന്ത്രണ്ടു കഴിഞ്ഞു .. നിദ്രടെവി പോലും നിദ്രയിലാണ്ടിട്ടുണ്ടാവും.. മൊബൈലിലെ എമ്പീത്രീ പ്ലെയറിലെ നൂറില്‍ അധികം വരുന്ന പാട്ടുകള്‍ രണ്ടാമത്തെ തവണയും പാടി തീരാറായി.. തന്റെ ബാറ്ററിയുടെ ജീവരക്തം മുഴുവന്‍ ഊട്ടിക്കുടിക്കപ്പെട്ടതിനാല്‍ എലിപ്പെട്ടിയില്‍ അകപ്പെട്ട എലിയെ പോലെ മൊബൈല് കിടന്നു മോങ്ങുന്നു.. ചാര്‍ജര്‍ കണക്ട് ചെയ്യാന്‍ കൈ ഒന്നു നീട്ടുന്ന അമാന്തമെയുല്ലു.. പക്ഷെ ഇതുവരെ അതിനുപോലും മിനക്കെട്ടില്ല.. എല്ലാം അറിഞ്ഞെന്കിലും ശ്രെധിച്ചില്ല എന്നതാണ് സത്യം.. 'മന്ദാരമാലധാരിയെയുമ്', 'തിരുനക്കരതേവരെയുമ്' വിളിച്ചു കേണപേക്ഷിച്ചു ഒടുവില്‍ വിഷമത്തോടെ 'എന്നും വരും നീ' കൂടി പാടി തീര്ത്ത മൊബൈല് ചാര്‍ജറിന്റെ വരവോടെ ശങ്കരന്‍ എമ്ബ്രാന്തിരിയുടെ മാസ്റ്റര്‍ പീസ് ''അജിതാ ഹരേ' പാടി ഉഷാറായി..

സ്ക്രീനില്‍ മുഖം പൂഴ്ത്തി തലവേദന തുടങ്ങിയപ്പോള്‍ അല്‍പനേരം എഴുനെറ്റിരിക്കാം എന്ന് കരുതി.. ജനാലയോട് ചേര്ന്നു കിടക്കുന്നു ചാരുകസേരയില്‍ സ്ഥാനം പിടിച്ചപോഴേക്കും സന്ഗീതപ്പെട്ടി എമ്ബ്രാന്തിരിയെ വിട്ടു ഏ ആര്‍ റഹ്മാനെ പിടിച്ചു കഴിഞ്ഞു ..

എങ്കില്‍ ഒന്നു മുരുക്കിയാലോ എന്നായി ചിന്ത.. കാരണവരെ പോലെ ചാരുകസേരയില്‍ കാലും നേടിയിരുന്നു മുറുക്കാന്‍ എടുത്തപ്പോള്‍ പെട്ടെന്ന് ഓര്‍ത്തത്‌ ശ്യാമ ചേച്ചിയുടെ മുഖമാണ്.. അന്നൊരിക്കല്‍ പിണങ്ങിയതും പിന്നീട്, ഇനി മുറുക്കില്ല എന്ന് സത്യം ചെയ്തു കൊടുത്ത് ആ പിണക്കം മാറ്റിയതും എല്ലാം ഓര്‍മയില്‍ പാഞ്ഞെത്തി.. പക്ഷെ ആഴ്ചയില്‍ ഒരു തവണയെങ്കിലും മുറുക്കുക എന്ന ദിസ്കൌന്ട് വാങ്ങിയതാണ് അതിലും വേഗം പാഞ്ഞെത്തിയത്‌.. അയ്യോ..! ഇന്നലെയും മുരുക്കിയല്ലോ.. ഓ.. സാരമില്ല.. ഇന്നലെ ശെനിയാഴ്ച.. കഴിഞ്ഞ ആഴ്ച ഇന്നലെ തീര്ന്നു.. ഇന്നു ഞായര്‍.. പുതിയ ആഴ്ച തുടങ്ങുകയാണല്ലോ..! മനുഷ്യന് തന്റെ ആവശ്യങ്ങളും ആഗ്രഹങ്ങളും നിറവേറ്റാനുള്ള വെറുമൊരു ഉപാധി മാത്രമായി ദൈവം മാറിയ ഈ കാലഘട്ടത്തില്‍ ഒരു സത്യത്തിന്റെ പ്രസക്തി എത്രത്തോളം ഉണ്ടാവും..

ആലോചിച്ചു വന്നപ്പോഴേക്കും വെട്ടിലയെടുത്തു നൂറും തേച്ചു അടയ്ക്കയും കൂട്ടി വായിലിട്ടു കഴിഞ്ഞു .. രാമേട്ടന്റെ കടയിലെ അറിഞ്ഞ വടക്കന്‍ പുകയിലയും അല്പം എടുത്തു.. കൂടെ മേമ്പോടിക്ക് ഇരട്ടിമധുരവും കുരുമുളകും ഗ്രാമ്പുവും ഏലയ്ക്കയും മറ്റും..

ചാരുകസേരയിലേക്ക് മലര്‍ന്നു.. പാടത്ത് നിന്നുള്ള കാറ്റു കൊണ്ട് മുരുക്കുവാനും പറമ്പിലേക്ക്‌ നീട്ടി തുപ്പുവാനുമുള്ള സൌകര്യാര്ധമാണ് കസേരയുടെ സ്ഥാനം ജനാലയുടെ അരികില്‍ ആക്കിയത്.. പുറത്തു നല്ല നിലാവുണ്ട്.. ചെറിയ കാറ്റും.. രാത്രിയുടെ ഇരുട്ടില്‍ ഇളംകാറ്റിന്റെ കൂട്ട് പിടിച്ചു തെയ്യം തുള്ളുന്ന വഴയിലകള്‍ നിലാവെളിച്ചത്തില്‍ പലപല രൂപങ്ങളായി മാറി.. ജനാലയോട് ചേര്ന്നു താഴെ തൊടിയില്‍ നില്ക്കുന്ന വാഴയാണ് ഒരു സുഹൃത്ത്.. സന്തോഷം വരുമ്പോള്‍ കൂടെ ചിരിച്ച് ഉല്ലസിച്ച് നില്ക്കുന്ന രൂപമായും, സങ്കടം വരുമ്പോള്‍ കൂടെ കരയുന്ന രൂപമായും ആ വാഴയിലകള്‍ എന്നും രാത്രിയില്‍ ഈ ഏകാന്ത ജീവനൊരു കൂട്ടുണ്ടാവും.. പക്ഷെ ഇന്നിപ്പോ ഏതോ ഒരു അപരിചിത ഭാവത്തിലാണല്ലോ അവ.. വാഴയിലെ ഞാലിപ്പൂവന്‍ കുല മൂത്ത് വരുന്നു.. സുഹൃത്തിന്റെ വാക്കുകളാണ് ഓര്‍മയിലെത്തിയത്.. എന്നും വാഴയുടെ ചുവട്ടില്‍ മുറുക്കി തുപ്പിയാല്‍ കുല ഉണ്ടാവുമ്പോള്‍ അടയ്കാ കുലയും ഇലയ്ക്ക് പകരം വെറ്റിലയും ഉണ്ടാവുമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം..

പലതും ആലോചിച്ചു വന്നപ്പോള്‍ പെട്ടെന്നൊരു കലപില ശബ്ദം.. എന്താണെന്നു ആലോചിച്ചു വന്നപോഴേക്കും മൊബൈല് ഉത്തരം തന്നു, "മഴക്കാലമല്ലേ.. മഴയല്ലേ.." സുഖായി.. ഏറ്റവും പ്രിയപ്പെട്ട കോമ്പിനേഷന്‍ ആണിത്.. മഴ പെയ്യുമ്പോള്‍ അതും കണ്ടു കൊണ്ടു ചാരുകസേരയില്‍ കിടക്കുക.. കൂടെ ഒരു മുറുക്കാനും.. പക്ഷെ അതിന് മുന്നേ ഒരു കട്ടന്‍ കാപ്പി കൂടി കിട്ടിയിരുന്നെന്കില്‍ കേമാമായിരുന്നെനെ.. പക്ഷെ ജീവിതത്തിലെ പല സുഖങ്ങളും സന്തോഷങ്ങളും നഷ്ടപ്പെട്ടയാള്ക് ഈ നഷ്ടം എത്ര നിസ്സാരം..

നഷ്ടങ്ങളുടെ കണക്കുപുസ്തകം മനസ്സിനെ അസ്വസ്ഥമാക്കാന്‍ എന്നും കടന്നു വരും.. ആരെയും പഴിക്കേണ്ട കാര്യമില്ലല്ലോ.. ഇതുവരെ ജീവിതം പഠിച്ചത് നഷ്ടങ്ങളിളുടെയാണ്.. കണക്കുകൂട്ടലുകള്‍ എന്നും നഷ്ടത്തിലെ അവസാനിക്കാരുള്ള്.. ഒരിക്കല്‍ ഒരു ലാഭം ഉണ്ടായാല്‍ അതൊരു വലിയ നഷ്ടതിലേക്കുള്ള യാത്രയുടെ ആരംഭം മാത്രം..

പരസ്പര വിശ്വാസമാണ് ജീവിതത്തില്‍ ഏറ്റവും പ്രധാനം എന്നതാണ് കാഴ്ചപ്പാട്.. പൂര്‍ണ്ണമായും നമ്മെ വിശ്വസിച്ചു ജീവിക്കുന്നവരുടെ വിശ്വാസം തകര്‍ക്കരുത്‌.. അങ്ങനെ അങ്ങനെ സംഭവിച്ചാല്‍ തകരുന്നത് അവരുടെ ജീവിതമാവും.. ഇതു എന്നും മനസ്സിലുണ്ട്.. പക്ഷെ ഇതു തന്നെയാണല്ലോ നഷ്ടങ്ങള്‍ നേടി തന്നത്.. വിശ്വസിച്ചു ജീവിച്ചയാളുടെ സന്തോഷത്തിനായി പലതും നഷ്ടപ്പെടുത്തി.. പലതും.. ഈയൊരു ചിന്ത മാത്രമായിരുന്നു മനസ്സില്‍.. പക്ഷെ ഒടുവില്‍... ഇപ്പൊ എന്ത് നേടി... ഇതുവരെ ആരോരാള്‍ക്ക് വേണ്ടിയാണോ എല്ലാം നഷ്ടപ്പെടുത്തിയത്, അയാളും നഷ്ടപ്പെട്ടു.. എല്ലാം നഷ്ടമായി.. അപ്പോഴും ശ്യാമ ചേച്ചിയുടെ വാക്കുകള്‍ തന്നെ ഉള്ളില്‍.. "ഇനിയെന്കിലും നിനക്കു വേണ്ടി ഒന്നു ജീവിച്ചൂടെ..?"

ശെരിയാണ്.. സ്വന്തം ജീവിതം എന്ന് ഓര്ത്തു ഇതുവരെ ജീവിച്ചിട്ടില്ല.. ചെയ്ത ഓരോ കാര്യവും.. പറഞ്ഞ ഓരോ വാക്കും.. ചിലവാക്കിയ ഓരോ നിമിഷവും, അനുഭവിച്ച ഓരോ വേദനയും മറ്റു പലര്ക്കും വേണ്ടി ആയിരുന്നു.. ഒടുവില്‍ പ്രയോഗിക്കേണ്ട സമയത്തു വിദ്യ മറന്നു പോകപ്പെട്ടയാലെ പോലെ സ്വന്തം ജീവിതത്തിന്റെ കാര്യം ആയപ്പോള്‍ മറ്റുള്ളവരുമില്ല, താന്‍ തന്നെയും ഇല്ല..

മനസ്സില്‍ കുറെ നീട്ടലും വേദനയുടെ കനാലുകളും മാത്രം ബാകി.. ഇതുപോലെ പലപ്പോഴും ആ കനലുകള്‍ നീരിപ്പുകഞ്ഞു ഉള്ളു കത്തും.. ഓരോ ഓര്‍മകളും ഓരോ ദുസ്സ്വപ്നം പോലെ ഇടയ്ക്കിടെ മനസ്സില്‍ ഓടിയെത്തും.. ചേച്ചി പറഞ്ഞ പോലെ, ഇനിയെന്കിലും സ്വന്തം കാര്യം അല്പമെങ്കിലും ശ്രെധിച്ചു ജീവികണമെന്നു കരുതി.. പക്ഷെ.. മറക്കാന്‍ ശ്രേമിച്ചിട്ടും മനസ്സു വിട്ടു പോവാത്ത പലപല ഓര്‍മ്മകള്‍.. മറവി ഒരു അനുഗ്രഹമാവുന്ന സമയം..

കണ്ണ്
നിറഞ്ഞ കവിളില്‍ നനവുണ്ടായപ്പോഴാനു എന്തൊക്കെയോ ചിന്തിച്ചു കൂട്ടിയതെന്നു ബോധമുണ്ടായത്.. ചിരിക്കാനാണ് തോന്നിയത്.. ഇപ്പോള്‍ ഇങ്ങനെയാണ്.. സങ്കടം വരുമ്പോള്‍ ചിരിക്കാന്‍ പഠിച്ചു..

മുറുക്കി കഴിഞ്ഞു .. മഴ തോര്‍ന്നു.. ഈറനണിഞ്ഞ കണ്ണുകളെ ഉറക്കം ബാധിച്ചു.... മൊബൈല് മാത്രം പാടിക്കൊണ്ടിരുന്നു...

"മനസ്സു.. ഒരു മാന്ത്രിക കൂട്.. മായകള്‍ തന്‍ കളിവീട്...."