Monday, November 8, 2010

ഓര്‍മ്മകള്‍ക്കൊരു പക്ഷേ..

അന്നും പുറത്തെ ബഹളം കേട്ടാണ് അവള്‍ ഉണര്‍ന്നത്.. ഇതിപ്പോള്‍ ഒരു പതിവായിരിക്കുന്നു.. എന്നും എന്തെങ്കിലും ഉണ്ടാവും ആന്റിക്ക്.. ചിലപ്പോള്‍ സുജാത ചേച്ചിയോടവും.. മറ്റു ചിലപ്പോള്‍ അയല്‍ക്കാരോടവും.. അതുമല്ലെങ്കില്‍ പാല്ക്കാരനോടോ പത്രക്കാരനോടോ ദൈവത്തോടോ സ്വന്തം വിധിയോടുമോ തന്നെയാവും.. ആരോടായാലും എന്തിനോടായാലും എന്നും രാവിലെ അല്‍പനേരം ഒച്ചയെടുത്തില്ലെങ്കില്‍ എന്തോ വലിയ ബുദ്ധിമുട്ടാണ് ആന്റിക്ക്.. സുജാതേച്ചി കാപ്പിയുമായി അടുത്ത് ചെല്ലുമ്പോള്‍ തുടങ്ങും.. ചിലപ്പോള്‍ കാപ്പി തണുക്കുന്നത് വരെ നേരം പോവാന്‍ വേണ്ടിയാവും.. എന്തൊക്കെയായാലും അവള്‍ക്ക് എന്നും ഉണരാന്‍ ഉള്ള ഒരു അലാറം ആണ് ഇപ്പൊ ഇത്.. ഒരു ദിവസം മുഴുവന്‍ നശിപ്പിക്കാന്‍ വണ്ണം ശക്തിയുള്ള അലാറം.. എന്നും ബഹളം കേട്ട് ശപിച്ചു കൊണ്ടാണ് ഉണരുന്നത്.. അപ്പോഴൊക്കെ ഓര്‍ക്കാറുണ്ട് പണ്ട് അവന്റെ ഒരു ഫോണ്‍ കോളില്‍ തുടങ്ങാറുള്ള മനോഹരമായ ദിവസങ്ങള്‍.. സ്നേഹം തുളുമ്പുന്ന അവന്റെ വാക്കുകള്‍ കേട്ടുണരുമ്പോള്‍ എന്ത് സുഖായിരുന്നു.. അതിനു വേണ്ടി തന്നെ ഉണര്‍ന്നിട്ടും ഉറക്കം നടിച്ചു കിടന്ന എത്രയെത്ര പ്രഭാതങ്ങള്‍.. അന്നൊക്കെ കിനാവ്‌ കണ്ടിരുന്നു.. കുറച്ചുകൂടി കാത്തിരുന്നാല്‍ എന്നും അടുത്തിരുന്നു വിളിച്ചുണര്‍ത്താന്‍ അവന്‍ ഉണ്ടാവുമെന്ന്.. പക്ഷേ എല്ലാം വെറും മിഥ്യകള്‍ ആയല്ലോ.. 


എല്ലാ പകലുകളിലും അവളുടെ മനസ്സില്‍ ഇതൊക്കെയെത്തും.. പക്ഷേ ഇതും ഒരു ശീലമായതിനാല്‍ അതിനൊരു പ്രിത്യേകതയുമില്ല .. ആരോടും മിണ്ടാനില്ലാതെ മനസ്സിലെ ചിന്തകളോട് മല്ലിട്ട് അവള്‍ ആ ദിവസവും ആരംഭിക്കുകയാണ്.. അവന്റെ നിര്‍ബന്ധത്തിനു വഴങ്ങി അവന്റെ തന്നെ ശിക്ഷണത്തില്‍ പാചകം പഠിച്ചത് ഇപ്പോള്‍ അവള്‍ക്ക് വളരെ ഉപകാരമായി.. കാപ്പിയും പലഹാരവും തയ്യാറാക്കി വച്ചാല്‍ കുളികഴിഞ്ഞു അമ്പലത്തിലേക്ക്.. അതും അവന്‍ പഠിപ്പിച്ച ചിട്ട.. കുളിക്ക് ശേഷമേ ജലപാനം ഉള്ളു.. ഇന്നും ഈ ചിട്ടകളൊക്കെ മുടങ്ങാതെ പിന്തുടരുന്നത് കൊണ്ട് തനിക്കു എന്തൊക്കെ ഗുണങ്ങളുണ്ടായി എന്നവള്‍ മനപ്പൂര്‍വ്വം ചിന്തിക്കാതതാണ്.. രണ്ടു നേരം പല്ല് തേയ്ക്കുക, സസ്യാഹാരം മാത്രം ശീലിക്കുക, വീട്ടിലെ ജോലികള്‍ ചെയ്തു പഠിക്കുക, അങ്ങനെ ചെറുതും വലുതുമായി അവന്‍ വളര്‍ത്തിയ ശീലങ്ങള്‍ ഇന്നും തന്നിലുന്ടെന്നു അവള്‍ക്കറിയാം, പക്ഷേ അതിനെയൊന്നും അവള്‍ അവന്റെ പേരില്‍ ദിവസവും ഓര്‍ക്കാന്‍ ശ്രെമിക്കുന്നില്ല  എന്ന് മാത്രം.. എങ്കിലും ഒരു കാര്യം അവള്‍ക്കു നന്നായറിയാം.. ഇങ്ങനെ ഓരോ ചിട്ടകളിലൂടെയും ശീലങ്ങളിലൂടെയും അവന്‍ തന്നിലെ സ്ത്രീയെ ഉണര്ത്തുകയായിരുന്നു.. അല്ലെങ്കില്‍ വെറും മടിച്ചിയായി ഒന്നുമരിയാണ്ട് കഴിഞ്ഞിരുന്ന ആ പഴയ പെണ്‍കുട്ടിയില്‍ നിന്ന് ഒറ്റയ്ക്ക് സ്വന്തം കാര്യങ്ങള്‍ നോക്കി കഴിയുന്നവള്‍ ആയി മാറുവാന്‍ തനിക്കു കഴിയില്ലായിരുന്നുവല്ലോ..


എന്നും മുടങ്ങാതെ ക്ഷേത്രത്തില്‍ പോകുന്നുണ്ട്.. പക്ഷേ എന്തിനെന്നു അവള്‍ക്കു ഇന്നുമറിയില്ല.. എത്രയോ നാളുകളായി ദിവസവും ചെന്ന് ഭഗവാനെ കണ്ടു തൊഴും, അല്ലാണ്ട് ഇതുവരെ ഒന്നും പ്രാര്‍ഥിച്ചിട്ടില്ല, ഒരു കാര്യവും  ആവശ്യപ്പെട്ടിട്ടില്ല.. ഇന്നും അതുപോലെ തന്നെ.. ദിനചര്യയുടെ ഒരു ഭാഗം പോലെ ഒന്നിനുമല്ലാതെ അവള്‍ ക്ഷേത്രത്തില്‍ പോയിവരുന്നു.. സെറ്റ് മുണ്ടുടുത്ത് ചന്ദനകുറിയും തുളസിക്കതിരും അരയ്ക്കൊപ്പം അഴിച്ചിട്ട മുടിയുമായി എത്തുന്ന പെണ്‍കുട്ടികളെ കാണുമ്പോഴൊക്കെ അവന്റെ ആ ഇഷ്ടങ്ങള്‍ അവള്‍ ഓര്മിക്കാറുണ്ട്.. എന്നും പുറത്തിറങ്ങുമ്പോള്‍ ഇങ്ങനെ ഐശ്വര്യമുള്ള പെണ്‍കുട്ടികളെ കാണുമ്പോള്‍ തന്നെ തന്റെ ദിവസത്തിനൊരു നല്ല തുടക്കമാണെന്ന് പറയുമായിരുന്ന അവനോടെന്നും താന്‍ വഴക്കിടാരുണ്ട്.. അവന്‍ മറ്റാരെക്കുറിച്ചും ചിന്തിക്കില്ലാന്നു അറിയാം, എങ്കിലും തന്നെ ദേഷ്യം പിടിപ്പിക്കാന്‍ വേണ്ടി അവന്‍ തമാശ കാണിക്കാറുള്ളതൊക്കെ എന്ത് രസമാര്‍ന്നു.. 


തിരികെയെത്തി ഗേറ്റ് തുറന്നപ്പോള്‍ ആന്റി മുറ്റത്ത്‌ തന്നെയുണ്ട്.. ആന്റിയുടെ കുശലാന്വേഷണം പതിവുപോലെ.. അപ്പോള്‍ മാത്രമാണ് താന്‍ ഒന്ന് ചിരിക്കുക എന്ന സത്യം  അവള്‍ ചിന്തിച്ചിട്ടില്ല.. അതും മനസ്സ് അറിഞ്ഞല്ല, ആന്റിയ്ക്ക് വേണ്ടി ഒരു ചിരി, അത്രേള്ളു.. പടികള്‍ കയറി മുകളില്‍ ചെന്ന് മുറി തുറക്കാന്‍ തുടങ്ങുമ്പോള്‍ മൊബൈല്‍ ബെല്‍ അടിക്കുന്നത് കേട്ടു.. പക്ഷേ അകത്തെത്തിയപ്പോഴേക്കും കട്ട്‌ ആയി.. 3 മിസ്സ്‌ കോളുകള്‍.. പണ്ട് അവനോട് പറയാതെ ചേച്ചിയോടൊപ്പം പുറത്തുപോയ ദിവസം അവന്റെ 140 മിസ്സ്‌ കോളുകള്‍ കണ്ടു കണ്ണ് നിറഞ്ഞുപോയിരുന്നു.. എന്നിട്ടും അടുത്ത കോളില്‍ ഒന്നും സംഭവിക്കാത്ത പോലെയായിരുന്നു സംസാരം, പതിവുപോലെ..  


അമ്മയാണ് വിളിച്ചത്.. തിരികെ വിളിച്ചു പതിവ് സംസാരങ്ങള്‍ കഴിഞ്ഞു ഭക്ഷണം കഴിച്ചു കോളേജില്‍ പോകാന്‍ തയ്യാറായി അവള്‍.. ഒടുവില്‍ കണ്ണാടിയില്‍ തന്നെത്തന്നെ കണ്ടപ്പോള്‍ അറിയാതെ ഒന്ന് നോക്കിനിന്നു പോയി.. തന്റെ മുഖത്ത് നിന്ന് ചിരി എന്നേക്കുമായി മാഞ്ഞു പോയതായി അവള്‍ക്കു തോന്നി.. സന്തോഷങ്ങള്‍ അവനൊപ്പം വിട്ടുപിരിഞ്ഞുവെന്നു മനസ്സിലാക്കികഴിഞ്ഞു..


കോളേജ്.. എങ്ങിനെയോ തള്ളിനീക്കുന്നു ഈ നാളുകള്‍.. ഭയവും അപമാനവും ദുഖവും എല്ലാം നിറഞ്ഞ ജീവിതമാണിവിടെ.. അവന്‍ ഒപ്പമുണ്ടായിരുന്ന നാളുകളില്‍ ആരെയും ഭയക്കണ്ടായിരുന്നു.. ആരുടേയും ശല്യവുമില്ലായിരുന്നു.. എപ്പോഴും തന്നെ ശ്രദ്ധിക്കാന്‍ അവനുണ്ടായിരുന്നു.. പക്ഷേ ഇന്നിപ്പോ ഒന്നുമില്ല, ആരുമില്ല.. അവന്‍ കൂടെയുണ്ടായിരുന്ന കാലത്ത് കുറെ നല്ല സുഹൃത്തുക്കളും ഉണ്ടായിരുന്നു.. ഇന്ന് ആരുമില്ല.. അവനായിരുന്നോ തന്റെ ഭാഗ്യം..?


ക്ലാസ്സ്‌ കഴിഞ്ഞു തിരികെ വീട്ടിലേക്കു ബസില്‍ മടക്കം.. ബസിലെ തിരക്ക് എന്നത്തേയും പോലെ അവളെ ബുദ്ധിമുട്ടിക്കുന്നു.. അവനെയും കെട്ടിപിടിച്ചു ബൈകിന്റെ പിന്നില്‍ ഇരുന്നു ചെയ്ത യാത്ര അവള്‍ക്കൊരിക്കലും മറക്കാനാവില്ല.. വിവാഹം കഴിഞ്ഞു ഒന്നിച്ചു കാറില്‍ യാത്ര ചെയ്യുന്ന കാര്യം അവന്‍ പറയുമ്പോഴൊക്കെ അവള്‍ എതിര്‍ക്കുമായിരുന്നു.. എന്നും അവനെ കെട്ടിപിടിച്ചു ബൈക്കില്‍ യാത്ര ചെയ്യാനായിരുന്നു അവള്‍ക്കിഷ്ടം..


തുലാവര്‍ഷം തിമിര്‍ത്തു പെയ്യുന്നു.. ഓരോ മഴത്തുള്ളികളും കണ്ണീരു പോലെയാണ് അവള്‍ക്കു തോന്നുക.. അന്നൊരിക്കല്‍ ഒരു പകല്‍ മുഴുവന്‍ മഴ നനഞ്ഞു തന്റെ വീടിനടുത്തു നിന്ന അവന്റെ മുഖം… പുറത്തിറങ്ങാന്‍ കഴിയാതിരുന്ന താന്‍ ടെറസില്‍ നിന്നും അവന്‍ റോഡില്‍ മഴ നനഞ്ഞു നിന്നും മണിക്കൂറുകള്‍ ഫോണില്‍ സംസാരിച്ചതും.. എന്തൊക്കെയായിരുന്നു അന്നൊക്കെ.. അവനു മഴയോടുള്ള ഇഷ്ടം അവളെയും ബാധിച്ചു അക്കാലത്ത്.. അവരുടെ പ്രണയം തുടങ്ങിയതും ഒരു തുലാവര്‍ഷക്കാലത്തായിരുന്നു.. അതുകൊണ്ടുകൂടിയാവാം അവനെപ്പോലെ  അവളും മഴ ആസ്വദിച്ചിരുന്നു.. പക്ഷേ ഇന്ന് അവള്‍ക്ക് അതൊന്നും സാധിക്കുന്നില്ല..


ഒറ്റയ്ക്കായ രാത്രികളില്‍ പതിവുപോലെ അവള്‍ ഡയറി എഴുതുന്നു.. എന്തെന്നറിയാതെ എന്തൊക്കെയോ എഴുതും.. ഒരിക്കലും വായിക്കാറില്ല അവയൊന്നും.. തന്നെ പ്രണയിച്ചു തുടങ്ങിയപ്പോള്‍ ഡയറി എഴുതുന്ന ശീലം നിര്‍ത്തിയ അവനോട് അതിനുള്ള കാരണം അവള്‍ തിരക്കി.. ഒറ്റയ്ക്കുള്ള ജീവിതം പങ്കുവെയ്ക്കാന്‍ ഒരു ആശ്വാസമായിരുന്നു ഡയറി, പക്ഷേ ഇപ്പോള്‍ ഒറ്റയ്ക്കല്ലല്ലോ, എന്തുമേതും പങ്കുവെയ്ക്കാന്‍ ഒരാള്‍ കൂടെയുണ്ടല്ലോ എന്നായിരുന്നു മറുപടി.. ഒരുപക്ഷെ ഇപ്പോള്‍ താന്‍ ഒറ്റയ്ക്ക് ആണെന്നുള്ള ബോധ്യമാവം അവളെ അതിനു പ്രേരിപ്പിക്കുന്നത്.. 


പണ്ട് എത്രയോ നാളുകള്‍ രാത്രിമുഴുവന്‍ അവനോട് സംസാരിച്ചിരുന്നിട്ടുണ്ട്‌.. ഒരു നിമിഷം പോലും ഉറങ്ങാതെ കഴിഞ്ഞിരുന്നു.. എന്തൊക്കെയാണ് ഇത്രവളരെ സംസാരിച്ചതെന്നൊനും ഓര്‍മയില്ല..  പക്ഷെ ഒരുനിമിഷം പോലും പരസ്പരം സംസാരിക്കാണ്ടിരിക്കാന്‍ കഴിയുമായിരുന്നില്ല.. ഇന്ന് മിണ്ടാന്‍ ആരുമില്ലാണ്ട് സമയം മുഴുവന്‍ വെറുതെ തള്ളിനീക്കുന്നു.. ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഓര്‍മ്മകള്‍ മനസ്സില്‍ ഓടിയെത്തും.. എന്നത്തേയും പോലെ അവന്റെ ഓര്‍മ്മകള്‍ നിറഞ്ഞ ഒരു ദിവസം കൂടി കടന്നുപോവുമ്പോള്‍ കണ്ണില്‍ രണ്ടു തുള്ളി കണ്ണുനീര്‍ പൊടിയും… പക്ഷേ.....






2 comments:

  1. parayandirikkan vayya...veruthe senti adippichu... :)

    ReplyDelete
  2. really #$%^..
    dnt knw wat 2 say.
    areyavunna orale pole feel chythu

    ReplyDelete