Tuesday, May 4, 2010

അമ്മുമ്മയും നാണയവും..

അങ്ങനെ ഞാനാകുന്ന മൂന്നാം ക്ലാസ്സുകാരനെയും കൊണ്ട് അമ്മ നടപ്പ് തുടര്‍ന്ന്..തിരക്കിനിടയിലൂടെ കടകളും, വണ്ടികളും കണ്ടു നടന്നു നടന്നു ഒടുവില്‍ പല നിറത്തിലും തരത്തിലുമുള്ള കണ്ണടകളും വാച്ചുകളും തൂക്കിയിട്ടുകൊണ്ട് കച്ചവടം നടത്തുന്ന ചേട്ടന്മാരെ കണ്ടപ്പോള്‍ മനസ്സിലായി ബസ്‌ സ്ടാണ്ടിന്റെ അടുത്ത് വരെയെത്തി എന്ന്.. പുതിയ സിനിമ പാട്ടുകള്‍ കുറെയെണ്ണം പല കടകളില്‍ നിന്നായി ഉച്ചത്തില്‍ കേള്‍ക്കുന്നുണ്ട്.. കുറെ കടകള്‍ ഉള്ളതുകൊണ്ട് പാട്ടുകള്‍ ഒരെണ്ണം പോലും മനസ്സിലാവുന്നില്ല.. എങ്കിലും മംമൂട്ട്യുടെയും മോഹന്‍ ലാലിന്റെയും ഫോട്ടോകള്‍ പതിപ്പിച്ച കടകള്‍ എന്നും കണ്ണില്‍ പെടാറുണ്ട്.. കടകള്‍ കഴിഞ്ഞാല്‍ ഉടനെ നൂറു കണക്കിന് ആനവണ്ടികള്‍ മുരളുന്ന ബസ്‌ സ്ടാണ്ട് ആയി..

പ്രായത്തില്‍ ഏറ്റവും പേടിയുള്ള കാര്യങ്ങളില്‍ ഒന്നായിരുന്നു ബസ്‌ സ്ടാണ്ട്.. എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെയെല്ലാം ചുവന്ന നിറത്തില്‍ അങ്ങോട്ടും ഇങ്ങോട്ടും നീങ്ങുന്ന ആനവണ്ടികള്‍... ഇതു വണ്ടി, എപ്പോ, എങ്ങോട്ട് നീങ്ങുമെന്ന് പറയാന്‍ പറ്റില്ല.. ഇപ്പൊ ഇടിക്കും എന്ന മട്ടിലാണ് ഓരോന്നും കടന്നു പോകുന്നത്.. അതോടെ എന്റെ നടത്തം പതുക്കെ ഓട്ടമായി.. അമ്മയുടെ പിടിയില്‍ നിന്നും കൈ എടുത്തു ഓടി..

ഓടിയോടി ബസ്‌ സ്റ്റേഷന്‍ ടെ പടിയില്‍ കയറി നിന്നു.. അമ്മ നടന്നു വരുന്നതെയുള്ളു.. അപ്പോഴാണ്‌ താഴെ എന്തോ കരച്ചില്‍ കേട്ടത്.. അറുപതിനുമുകളില്‍ പ്രായം തോന്നുന്ന ഒരു അമ്മുമ്മ ചട്ടയും നീല ലുങ്കിയും ധരിച് കുനിഞ്ഞിരിക്കുന്നു.. വലതു കൈയ്യില്‍ ഒരു പ്ലാസ്റിക് സഞ്ചി മുറുകെ പിടിച്ചിരിക്കുന്നു..

അമ്മുമ്മ നിവര്ന്നിരുന്നപ്പോഴാണ് കരയുകയായിരുന്നു കൈ മനസ്സിലായത്‌.. രണ്ടു കണ്ണുകളും നിറഞ്ഞു ഒഴുകുന്നു.. പ്രായം ചുളിവുകള്‍ വീഴ്ത്തിയ മുഖത്ത് ദയനീയമായ കരച്ചില്‍ ആണ്.. കണ്ണുനീര്‍ ധാരയായ് ഒഴുകുന്നു.. എങ്ങനെയൊക്കെയോ എഴുന്നേല്‍ക്കുവാന്‍ ശ്രെമിക്കുന്നുണ്ട്.. എന്തിനാ അമ്മ കരയുന്നതെന്ന് അറീല്ലല്ലോ.. പണമോ പെഴ്സോ മറ്റോ നഷ്ടപ്പെട്ടു കാണുമോ.. അതോ ഇനി കൂടെ വന്നവരെ ആരെയെങ്കിലും കാണാതായോ.. അറീല്ല.. പക്ഷെ എനിക്കും സങ്കടം തോന്നി..

അപ്പോഴേക്കും അമ്മ നടന്നെത്തി കൈയ്യില്‍ പിടിച്ചു എന്നെയും കൂട്ടി മുന്നിലേക്ക്‌ നടന്നു.. എങ്കിലും എന്റെ കണ്ണുകള്‍ അമ്മുമ്മയില്‍ തന്നെയായിരുന്നു.. കുറെ കഷ്ടപ്പെട്ട് എഴുനെല്‍ക്കുന്നത് കണ്ടു.. പിന്നെ കാഴ്ച്ചയില്‍ നിന്ന് മറഞ്ഞു.. പക്ഷെ ബസ്‌ കാണാഞ്ഞു അമ്മ വീണ്ടും എന്നെയും കൂട്ടി പഴയ സ്ഥലത്ത് എത്തി.. അവിടെ അമ്മ നിലത്തിരുന്നു കരയുകയാണ്.. ചുറ്റും നില്‍ക്കുന്നവര്‍ കൈയും കെട്ടി നോക്കി നില്‍ക്കുന്നു.. അവരുടെയെല്ലാം നേരെ മാറി മാറി കൈ നീട്ടി കരയുകയാണ് അമ്മ.. 'എന്റെ പൊന്ന് മക്കളെ.. എന്തെങ്കിലും തരണേ.. ഈ കിലവിക്കു എന്തെങ്കിലും തരണേ കുഞ്ഞുങ്ങളെ..' അമ്മുമ്മയുടെ പൊട്ടിക്കരഞ്ഞുകൊണ്ടുള്ള വാക്കുകള്‍ കേട്ടപ്പോള്‍ എനിക്കും കരച്ചില്‍ വന്നു.. ഭിക്ഷക്കാരെയൊക്കെ കാണാറുണ്ടെങ്കിലും ഇതുപോലൊരു കാഴ്ച ആദ്യമായാണ്‌.. 'എന്റെ കുഞ്ഞുങ്ങളെ...' എന്ന് വിളിച്ചു കൊണ്ട് വീണ്ടും വീണ്ടും അമ്മുമ്മ എല്ലാവരുടെയടുത്തും കെന്ച്ചുകയാണ്.. കുറച്ചു അകലെയാണെങ്കിലും നോട്ടവും കൈയും എന്റെ നേര്‍ക്കും തിരിഞ്ഞു.. അപ്പോഴേക്കും എന്റെ കണ്ണും നിറഞ്ഞു തുടങ്ങിയിരുന്നു.. അത് കണ്ടിട്ടാണോ എന്നറിയില്ല, അമ്മ കുറച്ചു നേരം എന്നെ തന്നെ നോക്കി...

അപ്പുറത്ത് ബസ്‌ ഉണ്ടെന്നും പറഞ്ഞു അമ്മ അപ്പൊ എന്നെയും കൂട്ടി അങ്ങോട്ട്‌ നടന്നു.. ഞാന്‍ ഷര്‍ട്ടിന്റെ കൈയ്യില്‍ കണ്ണ് തുടച്ചു.. അതൊന്നും ശ്രെധിക്കാതെ അമ്മ വേഗം നടക്കുന്നു.. അവിടെയെത്തിയപ്പോള്‍ ബസ്‌ ഇപ്പുറത്തേക്ക് കടന്നു.. വീണ്ടും അമ്മുമ്മയുടെ മുന്നിലൂടി തിരിച്ചു ഓടി.. അപ്പോഴും പാവം അവിടെയിരുന്നു കരയുകയാണ്.. ആരും ഒന്നും കൊടുത്തുവെന്ന് തോന്നുന്നില്ല.. എനിക്ക് തീരെ സഹിച്ചില്ല.. ഓടുന്നതിനിടയില്‍ ഞാന്‍ പോക്കറ്റില്‍ പരതി.. ഒരു അഞ്ചു രൂപ നാണയം കൈയ്യില്‍ തടഞ്ഞു.. അമ്മുമ്മയും അത് കണ്ടു.. വീണ്ടും എന്റെ നേര്‍ക്ക്‌ കൈ നീട്ടി.. നാനയവുമായി അമ്മുമ്മയുടെ അടുത്തേക്ക് നീങ്ങാന്‍ തുടങ്ങിയ എന്നെ ഇതൊന്നുമറിയാതെ ബസ്‌ വന്നുവെന്നും പറഞ്ഞു അമ്മ പിടിച്ചു വലിച്ചു കൊണ്ട് പോയി.. അമ്മുമ്മയുടെ നേര്‍ക്ക്‌ നീട്ടിയ നാണയം എന്റെ കൈയ്യില്‍ നിന്നും താഴേക്ക്‌ വീണു..

ബസ്‌ എത്തിയപ്പോഴേക്കും ആള്‍ക്കാരെല്ലാം അങ്ങോട്ട്‌ ഓടി.. പാവം അമ്മുമ്മ താഴെ വീണ നാണയം എടുക്കാന്‍ തിരക്കിലൂടെ നിരങ്ങി വരുന്നത് ഞാന്‍ കണ്ടു.. എങ്ങിനെയോ എവിടെയോ ഇരിക്കുവാന്‍ അല്പം സ്ഥലം കിട്ടിയ ഉടനെ ഞാന്‍ പുറത്തേക്കു നോക്കി.. അപ്പോഴും അമ്മുമ്മ നിലത്തിരുന്നു നാണയം തിരയുകയാണ്.. കരയുന്നുന്ടെങ്കിലും വലിയ എന്തോ ഒന്ന് കിട്ടുന്ന പോലെ ഒരു പ്രകാശം ഉണ്ട് മുഖത്ത്..

ബസ്‌ നീങ്ങി തുടങ്ങിയതോടെ കാഴ്ചയും മറഞ്ഞു.. ഏതോ രണ്ടു ചേട്ടന്മാരുടെ നടുക്ക് ഇരിക്കുകയാണ് ഞാന്‍.. മനസ്സില്‍ പക്ഷെ അമ്മുമ്മയാണ്‌.. അമ്മുമ്മയ്ക്ക് ആ നാണയം കിട്ടിക്കാണുമോ. .? വേറെ ആരെങ്കിലും എന്തെങ്കിലും കൊടുതിട്ടുണ്ടാവുമോ..? 'എന്റെ മക്കളെ..' എന്നുള്ള വിളി ഇപ്പോഴും ചെവിയില്‍ മുഴങ്ങുകയാണ്.. സഹിക്കാനാവാതെ ഞാനും കരഞ്ഞു.. അമ്മയെ കാണാതെയുള്ള കുട്ടിയുടെ കരച്ചിലാണെന്ന് കരുതി ചേട്ടന്മാര്‍ അമ്മയെ കാണിച്ചു തന്നു.. പക്ഷെ എന്റെ കരച്ചില്‍ നിന്നില്ല....

അന്ന് രാത്രി ഉറക്കത്തിലും അമ്മുമ്മയെ സ്വപ്നം കണ്ടു.. കുറെ ദിവസത്തേക്ക് അത് മനസ്സില്‍ നിന്ന് പോയില്ല..

സംഭവം കഴിഞ്ഞിട്ട് പന്ത്രണ്ടു വര്ഷം കഴിഞ്ഞു..ഇത്ര വര്‍ഷവും ബസ്‌ സ്ടാണ്ടില്‍ പോയ ഓരോ തവണയും ഞാന്‍ അമ്മുമ്മയെ തിരഞ്ഞു.. പക്ഷെ കണ്ടിട്ടേയില്ല ഒരിക്കലും.. അമ്മുമ്മയ്ക്ക് ആ നാണയം കിട്ടിയിട്ടുണ്ടാവുമോ..? അമ്മുമ്മ ഇപ്പോഴും ജീവനോടെ ഉണ്ടാവുമോ..? അറിയില്ല... പക്ഷെ ഇപ്പോഴും മുഖം എന്റെ മനസ്സിലുണ്ട്.. സംഭവം ഓര്‍ക്കുമ്പോഴൊക്കെ അന്നത്തെ എട്ടു വയസ്സുകാരന്‍ കരഞ്ഞത് പോലെ ഇന്നും ഞാന്‍ കരഞ്ഞു പോകും.. ഇതാ ഇപ്പോഴും..

2 comments:

  1. da its 2 gud...u made me cry...dnt knw y...itz really gud!

    ReplyDelete
  2. kannaaa.... annu ammayodonnu parayayirunnilye... ammoommayude aduthekku kondupokumaayirunnulo... pinnenthe...?

    ReplyDelete